ഗഡാൻസ്ക് (പോളണ്ട്)
മാഞ്ചസ്റ്റർ യുണൈറ്റഡിൽ കന്നിക്കിരീടം തേടി ഒലെ ഗുണ്ണാർ സോൾചെയർ. യൂറോപ ലീഗ് ഫുട്ബോളിൽ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലാണ് യുണൈറ്റഡിന്റെ എതിരാളികൾ.
നോർവെക്കാരനായ സോൾചെയറിന് യുണൈറ്റഡിന്റെ പരിശീലക കുപ്പായത്തിൽ ഇതുവരെ പ്രധാന കിരീടങ്ങളൊന്നുമില്ല. 1999ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുണൈറ്റഡിന് ബയേൺ മ്യൂണിക്കിനെതിരെ നാടകീയ ജയമൊരുക്കിയ സോൾചെയറിന് പരിശീലക കുപ്പായത്തിൽ ഇതുവരെ വലിയ നേട്ടമുണ്ടാക്കാനായില്ല. വിഖ്യാത പരിശീലകൻ സർ അലെക്സ് ഫെർഗൂസൻ ഇക്കുറി യുണൈറ്റഡ് ടീമിനൊപ്പം ഗഡാൻസ്കിലേക്ക് പറക്കുന്നുണ്ട്. ഫെർഗൂസന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ തുടർച്ചയായി ടീമിനെ ആദ്യ നാലിലെത്തിച്ചതിന്റെ നേട്ടമുണ്ട് സോൾചെയറിന്.
2017ൽ യൂറോപ ചാമ്പ്യൻമാരായശേഷം യുണൈറ്റഡിന് കിരീടവരൾച്ചയാണ്. ഹോസെ മൊറീന്യോയ്ക്ക് കീഴിലായിരുന്നു അന്ന് കിരീടനേട്ടം. ആ ടീമിൽ കളിച്ച മൂന്ന് പേർ മാത്രമേ സോൾചെയറിന്റെ സംഘത്തിലുള്ളൂ. പോൾ പോഗ്ബയും മാർകസ് റാഷ്ഫഡും യുവാൻ മറ്റയും.2018ലാണ് സോൾചെയർ എത്തുന്നത്. ആ സീസണിൽ ആറാമതായാണ് ക്ലബ് പൂർത്തിയാക്കിയത്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനം. ഈ സീസണിൽ രണ്ടാമതുമെത്തി. ഈ സീസണിന്റെ തുടക്കം മോശമായിരുന്നു. ആദ്യ പത്ത് ഒമ്പത് കളിയിൽ കിട്ടിയത് വെറും പത്ത് പോയിൻറ്. ചാമ്പ്യൻസ് ലീഗിൽ ആദ്യ നാല് കളിയിൽ മൂന്നിലും ജയിച്ചിട്ടും പുറത്തായി. മുൻ ടോട്ടനം ഹോട്സ്പർ പരിശീലകനായ മൗറീസിയോ പൊച്ചെട്ടീനോയെ സോൾചെയറിന് പകരം കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങളുയർന്നു. എന്നാൽ സോൾചെയർ പതറിയില്ല. ടീമിനെ തുടർച്ചയായി ജയങ്ങളിലെത്തിച്ചു. യൂറോപയിൽ ഫൈനലിലേക്ക് കൈപിടിച്ചുകയറ്റി.
ഇന്ന് വിയ്യാറയലിനെതിരെ ഇറങ്ങുമ്പോൾ ക്യാപ്റ്റനും പ്രതിരോധ താരവുമായ ഹാരി മഗ്വയറിന്റെ പരിക്കാണ് യുണൈറ്റഡിന് ആശങ്ക. രണ്ടാഴ്ച മുമ്പ് മഗ്വയറിന് കണങ്കാലിന് പരിക്കേറ്റിരുന്നു. വിയ്യാറയലിന് ഇത് അഞ്ചാം ഫൈനലാണ്. സെവിയ്യയെ മൂന്ന് തവണ യൂറോപ ചാമ്പ്യൻമാരാക്കിയ ഉനായ് എമെറിയാണ് അവരുടെ പരിശീലകൻ. കഴിഞ്ഞ നാല് തവണ യുണൈറ്റഡും വിയ്യാറയലും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.