ന്യൂഡൽഹി
ആയിരക്കണക്കിന് കർഷകരുടെ ശക്തിപ്രകടനത്തിന് മുന്നിൽ പകച്ച ഹരിയാന സർക്കാർ കർഷകർക്ക് എതിരെ ചുമത്തിയ 350 ക്രിമിനൽക്കേസ് പിൻവലിക്കാൻ സമ്മതിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഹിസാറിലാണ് വൻ കർഷകറാലി സംഘടിപ്പിച്ചത്. നാലായിരത്തോളം പൊലീസുകാരെയും ദ്രുതകർമസേനയെയും ഇറക്കിയെങ്കിലും ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിലും ട്രോളികളിലും മറ്റുമായി ഇരച്ചെത്തിയതോടെ അവര് കാഴ്ചക്കാരായി.
മെയ് 16ന് ഹിസാറിൽ കർഷകരുടെ പ്രതിഷേധപരിപാടിക്കുനേരെ പൊലീസ് വലിയ അക്രമമുണ്ടായി. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന് എതിരെ സമാധാനപൂർവം പ്രതിഷേധിച്ചവര്ക്കുനേരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുമുണ്ടായി. പുറമെ 350 ഓളം കർഷകർക്ക് എതിരെ കേസെടുത്തു. ഇതില് പ്രതിഷേധിക്കാനാണ് തിങ്കളാഴ്ച കര്ഷകമുന്നേറ്റമുണ്ടായത്.
ഇതോടെ എല്ലാ കേസുകളും റദ്ദാക്കുമെന്ന് അധികൃതർ കർഷകനേതാക്കൾക്ക് ഉറപ്പുനൽകി. പൊലീസ് അതിക്രമത്തിൽ തകർന്ന വാഹനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കും. മെയ് 24ലെ പ്രതിഷേധത്തിനിടയ്ക്ക് ഹൃദയാഘാതത്തില് മരിച്ച കർഷകന്റെ ബന്ധുവിന് ജോലി നൽകും. അമിത ബലപ്രയോഗം ഉണ്ടായതിൽ അധികൃതർ ഖേദവും പ്രകടിപ്പിച്ചു. എസ്കെഎം നേതാക്കളായ ബൽബീർസിങ് രാജേവാൾ, ജോഗീന്ദർസിങ് ഉഗ്രഹാൻ, ഗുർണാംസിങ് ചാറുണി, ഡോ. അശോക് ധാവ്ളെ, രാകേഷ് ടികായത്ത്, യുദ്ധ്വീർസിങ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.