തിരുവനന്തപുരം
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചു. 12 ഉദ്യോഗസ്ഥരടങ്ങിയ സീനിയോറിറ്റി പട്ടിക മെറിറ്റ് സർട്ടിഫിക്കറ്റ് അടക്കം സംസ്ഥാന സർക്കാർ യുപിഎസ്സിക്ക് കൈമാറി. അരുൺകുമാർ സിൻഹ, ടോമിൻ ജെ തച്ചങ്കരി, കെ സുധേഷ്കുമാർ എന്നിവരാണ് പട്ടികയിൽ ആദ്യ പേരുകാർ. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജൂൺ 30ന് വിരമിക്കുന്നതിനാലാണ് നിയമനം. സുപ്രീംകോടതി വിധി പ്രകാരം ആദ്യമായാണ് യുപിഎസ്സിക്ക് സീനിയോറിറ്റി പട്ടിക കൈമാറി നിയമനം. ജൂൺ അവസാന മന്ത്രിസഭാ യോഗം പൊലീസ് മേധാവിയെ തീരുമാനിച്ചേക്കും.
12 പേരിൽനിന്ന് യുപിഎസ്സി പ്രത്യേക സമിതി രൂപീകരിച്ച് മൂന്ന് പേരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാരിന് കൈമാറും. യുപിഎസ്സി അംഗം, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിലവിലെ പൊലീസ് മേധാവി, ഏതെങ്കിലും കേന്ദ്ര പൊലീസ് സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരാകും ഈ സമിതിയിൽ അംഗങ്ങൾ. ഇവർ യോഗം ചേർന്നാകും മൂന്നുപേരുടെ പട്ടിക തയ്യാറാക്കുക. അതിന്മുമ്പ് കേന്ദ്ര ഇന്റലിജൻസ് ഉൾപ്പെടെയുള്ളവരിൽനിന്ന് രഹസ്യ റിപ്പോർട്ടും വാങ്ങും. തുടർന്ന് മൂന്നുപേരുടെ പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും. ഈ പട്ടികയിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയായി നിയോഗിക്കാം.
യുപിഎസ്സി സമിതി പട്ടിക തയ്യാറാക്കുമ്പോൾ മൂന്ന് കാര്യം പരിശോധിക്കും. സീനിയോറിറ്റി, വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട്, കേരള പൊലീസിലുള്ള പരിചയം, യോഗ്യത എന്നിവ.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഡിജിപി അരുൺകുമാർ സിൻഹയാണ് സീനിയർ. ഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരി രണ്ടാമനും കെ സുധേഷ്കുമാർ മൂന്നാമനുമാണ്. അരുൺകുമാർ സിൻഹ 1984 ഡിസംബർ 23നാണ് സർവീസിൽ പ്രവേശിച്ചത്. ടോമിൻ ജെ തച്ചങ്കരി 1987 ആഗസ്ത് 24നും സുധേഷ്കുമാർ 1987 ഡിസംബർ 15നും സർവീസിൽ പ്രവേശിച്ചു. ബി സന്ധ്യ, അനിൽകാന്ത്, നിതിൻ അഗർവാൾ, എസ് ആനന്തകൃഷ്ണൻ, കെ പത്മകുമാർ, ഷേക് ദർവേഷ് സാഹബ്, ഹരിനാഥ് മിശ്ര, രവഡ ചന്ദ്രശേഖർ, സഞ്ജീവ് കുമാർ പട്ജോഷി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.