ഫറോക്ക്
രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ഒരു ദേശത്തെ ഇല്ലാതാക്കുമ്പോൾ അറ്റുപോവുക ലക്ഷദ്വീപും മലബാറുമായുള്ള പൊക്കിൾക്കൊടിബന്ധവും. ദ്വീപ് ജനതയുടെ ജീവിതവും സവിശേഷമായ സംസ്കാരവും അത്രമേൽ മലബാറുമായി ഇഴുകിച്ചേർന്നതാണ്. പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളുമായി പതിറ്റാണ്ടുകൾ നീളുന്ന ബന്ധമാണുള്ളത്. ഉപ്പുതൊട്ട് കർപ്പൂരംവരെ ദ്വീപിലേക്ക് കയറ്റിപ്പോകുന്നത് ബേപ്പൂർ തുറമുഖം വഴിയാണ്.
ഭക്ഷ്യവസ്തുക്കളെല്ലാം കോഴിക്കോട് വലിയങ്ങാടിയിൽ നിന്നാണ്. കെട്ടിട നിർമാണ സാമഗ്രികൾ മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെയെത്തിക്കുന്നു. ദ്വീപുകാരുടെ പ്രധാന ഭക്ഷണമായ മാംസാഹാരത്തിനുള്ള കാലികളും ബേപ്പൂർ തുറമുഖം വഴിയാണ് അയക്കുന്നത്. ഇതെല്ലാം നിലച്ചാൽ കോടികളുടെ വ്യാപാര നഷ്ടമാണ് കോഴിക്കോടിനും മലബാറിനാകെയുമുണ്ടാകുക. ചരക്ക് കയറ്റുമതിയ്ക്കു പുറമെ ദ്വീപുകാർ ചികിത്സക്കും, പഠനത്തിനും കോഴിക്കോടിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദ്വീപിലേക്കുള്ള കയറ്റുമതി നിലച്ചാൽ ബേപ്പൂർ തുറമുഖത്തിനും കനത്ത തിരിച്ചടിയാകും.
കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരം ഉരു മാർഗമുള്ള ചരക്കു കയറ്റിറക്കിന് വിലക്കുണ്ടെങ്കിലും ചൊവ്വാഴ്ചയും “എലി കൽപ്പേനി’ എന്ന ദ്വീപ് കപ്പൽ ബേപ്പൂരിൽനിന്ന് ടൺ കണക്കിന് ചരക്കുമായി കവരത്തിയിലേക്ക് പുറപ്പെട്ടു. ദ്വീപിൽനിന്നെത്തിയ “ഒലിയ’ ഉരുവിൽ നാളികേരവും കൊപ്രയും തുറമുഖത്തിറക്കി. ഇതെല്ലാം തകർക്കാനുള്ള അണിയറ നീക്കംകൂടിയാണിപ്പോൾ ബിജെപി നേതൃത്വത്തിൽ തുടരുന്നത്. അതേ സമയം നിലവിൽ തുറമുഖം വഴിയുള്ള ചരക്കു കയറ്റുമതിക്ക് തടസ്സമില്ലെന്ന് വെസ്സൽ ചരക്കു കയറ്റുമതി ഏജന്റ് സുദർശൻ പറഞ്ഞു. ബേപ്പൂർ തുറമുഖത്ത് 200 കയറ്റിറക്ക് തൊഴിലാളികളുണ്ട്.