ന്യൂഡൽഹി
സിബിഐ ഡയറക്ടറായി സിഐഎസ്എഫ് തലവൻ സുബോദ്കുമാർ ജെയ്സ്വാളിനെ നിയമിച്ചു. രണ്ടുവർഷമാണ് കാലാവധി. 1985 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സുബോദ്കുമാർ മഹാരാഷ്ട്ര മുൻ ഡിജിപിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചീഫ്ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധുരി എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുത്തത്.
ബിഎസ്എഫിന്റെയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും ഡയറക്ടർ ജനറലായ രാകേഷ് അസ്താന, എൻഐഎ തലവന് വൈ സി മോഡി എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും താല്പര്യമുള്ള ഇവരെ ചീഫ്ജസ്റ്റിസ് രമണ വെട്ടിയിരുന്നു. വിരമിക്കാൻ ആറു മാസത്തിൽ താഴെ മാത്രമുള്ളവരെ പരിഗണിക്കരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് രമണ യോഗത്തിൽ ചൂണ്ടിക്കാട്ടി. അസ്താന ജൂലൈ 31നും വൈ സി മോഡി മെയ് 31നും വിരമിക്കും. അസ്താനയോ മോഡിയോ ഡയറക്ടറാകുമെന്നായിരുന്നു സൂചന. ചീഫ്ജസ്റ്റിസിന്റെ നിലപാടിനെ അധിർരഞ്ജൻ പിന്തുണച്ചതോടെ ഭൂരിപക്ഷാഭിപ്രായമായി.
തുടർന്ന് സുബോധ്കുമാർ അടക്കം മൂന്ന് പേരുടെ ചുരുക്കപ്പട്ടിക അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്. സശസ്ത്ര സീമാ ബൽ ഡയറക്ടർ ജനറൽ കെ ആർ ചന്ദ്ര, ആഭ്യന്തര മന്ത്രാലയത്തിൽ സ്പെഷ്യൽ സെക്രട്ടറിയായ വിഎസ്കെ കൗമുദി എന്നിവരായിരുന്നു മറ്റ് രണ്ടുപേർ.