ജനീവ
ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിന് അംഗീകാരം നല്കണമെങ്കില് കൂടുതല് വിവരം ലഭ്യമാക്കണമെന്ന് ലോകാരോഗ്യസംഘടന. 90 ശതമാനം വിവരവും കൈമാറിയെന്നും ബാക്കി രേഖകള് അടുത്തമാസം നല്കുമെന്നും വാക്സിന് നിര്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ജൂലൈ, സെപ്തംബര് കാലയളവിൽ വാക്സിന് ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗ അനുമതി നല്കിയേക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. വാക്സിന് നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അപേക്ഷ അമേരിക്ക, ബ്രസീല്, ഹംഗറി അടക്കം അറുപതോളം രാജ്യങ്ങള് പരിഗണിക്കുന്നുണ്ട്. അടിയന്തര ഉപയോഗ അനുമതി തേടി 13 രാജ്യങ്ങളെ സമീപിച്ചിട്ടുണ്ട്.
കോവാക്സിനെ ലോകാരോഗ്യസംഘടനയുടെ പട്ടികയില് അടിയന്തരമായി ഉള്പ്പെടുത്താന് ഭാരത് ബയോടെക് ഏപ്രില് 19ന് താല്പര്യപത്രം നല്കി. അപേക്ഷ പരിഗണിക്കാന് ഈമാസം അവസാനമോ അടുത്തമാസമോ യോഗം ചേരും. അംഗീകാരത്തിന് ലഭിക്കുന്ന വാക്സിന്റെ ഫലം സംബന്ധിച്ച വിവരം ലോകാരോഗ്യസംഘടന ലോകവ്യാപകമായി വിദഗ്ധരുടെ പരിഗണനയ്ക്ക് വയ്ക്കും. അപേക്ഷകര് നല്കുന്ന വിവരങ്ങളുടെ ആധികാരികതയും സൂക്ഷ്മതയും പരിശോധിക്കപ്പെടും.