ബമാകോ
ഇടക്കാല സര്ക്കാരിലെ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കമുള്ളവരെ സൈന്യം തടവിലാക്കിയതോടെ പശ്ചിമാഫ്രിക്കന് രാജ്യമായ മാലിയില് രാഷ്ട്രീയപ്രതിസന്ധി മൂർച്ഛിച്ചു. ഒമ്പത് മാസംമുമ്പാണ് മുന് ഭരണനേതൃത്വത്തെ അട്ടിമറിച്ച് സൈന്യം ഭരണംപിടിച്ചത്. യുഎന്നും ആഫ്രിക്കന് യൂണിയനുമടക്കം ചെലുത്തിയ സമ്മര്ദത്തെ തുടര്ന്ന് ഫെബ്രുവരിയില് തെരഞ്ഞെടുപ്പ് നടത്താന് ലക്ഷ്യമിട്ട് സൈന്യത്തിന്റെ അനുമതിയോടെ ചുമതലയേറ്റ ഇടക്കാല സര്ക്കാരിന്റെ തലപ്പത്തുള്ളവരാണ് ഇപ്പോള് തടവിലായത്.
ആദ്യ സൈനിക അട്ടമറിക്ക് നേതൃത്വം നല്കിയ രണ്ട് സൈനിക ഉദ്യോഗസ്ഥരെ ഒഴിവാക്കി ഇടക്കാല സര്ക്കാര് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് ബഅഹ് എൻദോ, പ്രധാനമന്ത്രി മുക്താര് ഔനേ, പ്രതിരോധമന്ത്രി സുലേമാൻ തുടങ്ങിയവര് തടവിലാക്കപ്പെട്ടത്. തലസ്ഥാനമായ ബമാകോയ്ക്ക് പുറത്തുള്ള സൈനികതാവളത്തിലാണ് ഇവരെ പാര്പ്പിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്തു. സൈനിക ഭരണപക്ഷക്കാരെ എന്തുകൊണ്ട് സര്ക്കാരില്നിന്ന് ഒഴിവാക്കി എന്ന് വ്യക്തമല്ല. ഇടക്കാല സര്ക്കാരില് രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്ട്ട്.
പുതിയ നീക്കത്തെക്കുറിച്ച് സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സമാധാനദൗത്യത്തിനായി മാത്രം യുഎന് 120 കോടി ഡോളര് ചെലവിടുന്ന മാലിയില് അടുത്തവര്ഷം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിന് സംഭവം വന് തിരിച്ചടിയായി. അന്താരാഷ്ട്രസമൂഹം ശക്തമായ സമ്മര്ദം ചെലുത്തിയതോടെയാണ് ഇടക്കാല സര്ക്കാരുണ്ടാക്കാന് സൈന്യം സെപ്തംബറില് നിര്ബന്ധിതരായത്. ആഗസ്തിലാണ് പ്രസിഡന്റ് ഇബ്രാഹിം ബൗബാകര് കെയ്തയെ സൈനികര് ഔദ്യോഗിക വസതിയിൽ തടവിലാക്കിയത്. രക്തച്ചൊരിച്ചില് ഒഴിവാക്കാന് അദ്ദേഹം സ്ഥാനം രാജിവച്ചു.
യുഎന് ഞെട്ടലില്
തടവിലാക്കിയവരെ വിട്ടയക്കണമെന്നും സമ്മര്ദത്തിലാക്കി സിവിലിയന് ഭരണ നേതൃത്വത്തെ രാജിവയ്പിക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്നും യുഎന്നും ആഫ്രിക്കന് യൂണിയനും സംയുക്തപ്രസ്താവന ഇറക്കി. യുഎന് സെക്രട്ടറി ജനറല് നടുക്കം രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ നേതാക്കളെ വിട്ടയക്കണമെന്ന് ഇയു പ്രതികരിച്ചു. പ്രതിനിധി സംഘത്തെ ഉടന് മാലിയിലേക്ക് അയക്കുമെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാന്സ്, ജര്മനി എന്നീ രാജ്യങ്ങളുടെയും പശ്ചിമാഫ്രിക്കന് രാഷ്ട്രങ്ങളുടെയും കൂട്ടായ്മ പ്രസ്താവിച്ചു.















