ബ്രസ്സൽസ്
ബെലാറസിലേക്കുള്ള വിമാനങ്ങൾ നിർത്തുന്നതടക്കമുള്ള ഉപരോധ നടപടികൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ വിമാനം തടഞ്ഞിറക്കിയ സംഭവത്തിനു പിന്നാലെയാണ് ഇയുവിന്റെ നടപടി. ഇയുവിലെ അംഗരാജ്യങ്ങളുടെ വ്യോമപാതയും വിമാനത്താവളങ്ങളും ഉപയോഗിക്കുന്നതിൽനിന്ന് ബെലാറസിലെ വ്യോമയാന കമ്പനികളെ നിരോധിച്ചു. വിമാനം ‘തട്ടിയെടുക്കലി’ന്റെ ഭാഗമായ ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തും. അന്താരാഷ്ട്ര വ്യോമയാന സംഘടന സംഭവത്തിൽ അന്വേഷണം നടത്തണം. ഭീകരവാദത്തിനു സമാനമായ സംഭവമാണ് നടന്നത്. അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ റൊമാൻ പ്രൊട്ടസെവിച്ചിനെ വിട്ടയക്കണമെന്നും ഇയു ആവശ്യപ്പെട്ടു.
ഗ്രീസിൽനിന്ന് ലിത്വാനിയയിലേക്ക് പോകുകയായിരുന്ന റയാനെയർ വിമാനത്തിൽ ബോംബുണ്ടെന്ന വ്യാജസന്ദേശം നൽകിയാണ് ബെലാറസിന്റെ ആകാശാതിർത്തിയിൽ വച്ച് വിമാനം തടഞ്ഞ് ഇറക്കിയത്. വിമാനത്തെ തലസ്ഥാനമായ മിൻസ്കിലെ വിമാനത്താവളത്തിലേക്കാണ് തിരിച്ചുവിട്ടത്. പോർവിമാനം അയച്ചായിരുന്നു നടപടി. ഈ ‘വിമാനം തട്ടിക്കൊണ്ടുപോവൽ’ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് ഇയു പ്രസിഡന്റ് ഉർസുല ലെയ്ൻ പറഞ്ഞു. ബെലാറസ് ‘ജനാധിപത്യപരമായി മാറുന്നതുവരെ ഇയു അനുവദിച്ച മുന്നൂറ് കോടി ഡോളറിന്റെ നിക്ഷേപവും സാമ്പത്തിക പാക്കേജും നിർത്തിവയ്ക്കുകയാണ്’– ഉർസുല പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള അവഹേളനമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെഡൻ പ്രതികരിച്ചു. കാൽനൂറ്റാണ്ടായി ബെലാറസിന്റെ അധികാരം കെെയാളുന്ന പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയ്ക്കെതിരെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനാണ് പ്രൊട്ടസെവിചിനെ അറസ്റ്റ് ചെയ്തത്. പ്രക്ഷോഭം വാർത്തയായത് പോളണ്ടിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താചാനൽ നെക്സ്റ്റയിൽ പ്രൊട്ടസെവിച് നടത്തിയ റിപ്പോർട്ടിങ്ങിലാണ്.തീവ്രവാദക്കുറ്റത്തിനു പുറമേ കലാപം സംഘടിപ്പിച്ചതിനും വിദ്വേഷം പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന കാമുകിയെയും ബെലാറസ് കസ്റ്റഡിയിടുത്തു.