കൊച്ചി > കോവിഡ് വാക്സിന് നല്കുന്നതില് കേന്ദ്രസര്ക്കാര് ഇപ്പോഴത്തെ രീതി തുടര്ന്നാല് രാജ്യത്തെ മുഴുവന് ജനങ്ങള്ക്കും വാക്സിന് വൈകുമെന്ന് ഹൈക്കോടതി. ഇത് ജനങ്ങളെ ബാധിക്കുമെന്നും കോടതി ഇടക്കാല ഉത്തരവില് ചൂണ്ടിക്കാട്ടി. ജൂലൈ മാസത്തോടെ പ്രതീക്ഷിത ഉല്പ്പാദനം 13.2 കോടി ഡോസ് ആണെന്ന് കേന്ദ്രം അറിയിച്ചത് കണക്കിലെടുത്താണ് കോടതിയുടെ നിരീക്ഷണം.
ഉല്പാദനത്തിലെ സാഹചര്യം ഇതാണങ്കില് 132 കോടി ജനങ്ങള്ക്ക് വാക്സിന് നല്കാന് പത്ത് മാസം വേണ്ടിവരുമെന്നും ഡിവിഷന് ബഞ്ച് അഭിപ്രായപ്പെട്ടു. എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്കണമെന്നും പൊതു വിപണിയില് വില ഏകീകരിക്കണമെന്നും ലഭ്യത കൂട്ടാന് നിര്മാണം ലാബുകളെ ഏല്പ്പിക്കണമെന്നും ആവശ്യപ്പെട്ട് സമര്പ്പിച്ച പൊതുതാല്പര്യഹര്ജികളാണ് ജസ്റ്റീസുമാരായ കെ വിനോദ ചന്ദ്രനും എം ആര് അനിതയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
ഉല്പാദിപ്പിക്കുന്ന വാക്സിന് അന്പത് ശതമാനം പൊതുവിപണിയില് എത്തിച്ചാല് വാക്സിന് ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വര്ധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിന് പദ്ധതിക്കായി റിസര് ബാങ്ക് 54,000 കോടി മാറ്റി വച്ചിട്ടുണ്ടന്നും ബജറ്റില് പ്രഖ്യാപിച്ച 45,000 കോടിയേക്കാള് കൂടുതലാണിതെന്നും മുഴുവന് ജനങ്ങള്ക്കും സൗജന്യ വാക്സിന് നല്കുന്നതിന് 34,200 കോടി മതിയാവുമെന്നും മാധ്യമ റിപ്പോര്ട്ടുകളെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉല്പ്പാദനം കുറഞ്ഞ സാഹചര്യത്തില് 1.75 ലക്ഷം കോടിയുടെ കമ്മി രാജ്യം നേരിടുന്നുണ്ടന്നും വാക്സിന് സംഭരണത്തിന് സംസ്ഥാനങ്ങളും തയ്യാറാവണമെന്നും, വാക്സിനേഷന് പൂര്ത്തിയായി കഴിഞ്ഞാല് ഉല്പാദകരില് നിന്നും ആവശ്യമെങ്കില്പണം തിരികെ വാങ്ങാവുന്നതാണന്നും കോടതി വ്യക്തമാക്കി. നയപരമായ കാര്യങ്ങളില് ഇടപെടുന്നതിന് കോടതിക്ക് പരിമിതി ഉണ്ടന്നും, ഉത്തരവിലെ നിരീക്ഷണങ്ങള് കണക്കിലെടുത്ത് പ്രതികരിക്കാന് കേന്ദ്ര സര്ക്കാരിനോട് കോടതി നിര്ദേശിച്ചു. ഒരാഴ്ചക്കകം വിശദീകരണം നല്കണം. കേസുകള് ജൂണ് ആദ്യം പരിഗണിക്കും.