തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. ലക്ഷദ്വീപിന്റെ സാമൂഹികസാഹചര്യങ്ങളെ തകർക്കുന്നതാണ് അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനങ്ങൾ എന്നും ചെന്നിത്തല ആരോപിച്ചു. ‘ലക്ഷദ്വീപിൽ ഒരു പ്രത്യേക സംസ്കാരമുണ്ട്.അത് കേരളത്തിലെ സംസ്ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്ട്രേറ്റർ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. അവിടെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകർക്കുന്നതാണ്. അവ ലക്ഷദ്വീപിന്റെ പ്രത്യേകതകളെ ഇല്ലാതാക്കുന്നവയാണ്. എത്രയോ ആളുകൾ അഡ്മിനിസ്ട്രേറ്ററായി ഇരുന്നിട്ടുണ്ട്. അവരാരും ചെയ്യാത്ത ഒരു നടപടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം. കേന്ദ്ര ഗവൺമെന്റും രാഷ്ട്രപതിയും ഇടപെടണം. പാവപ്പെട്ട ജനങ്ങളാണ് അവിടെ ഉള്ളത്. അവരുടെ ആവശ്യത്തെ അംഗീകരിക്കാതെ പോകുന്നത് ശരിയല്ല. ദ്വീപ്സമൂഹത്തിലെ ജനങ്ങളുടെ വികാരങ്ങൾ പൂർണ്ണമായും മാനിക്കാൻ രാഷ്ട്രപതിയും കേന്ദ്ര ഗവൺമെന്റും തയ്യാറാകണം’ – ചെന്നിത്തല പറഞ്ഞു. Content Highlights: Lakshadweep Issue: Ramesh Chennithala writes to President