തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയിലെ ഇളമുറക്കാരൻ സച്ചിൻദേവ്. കാരണവർ പി ജെ ജോസഫും. കന്നിമത്സരത്തിൽ മിന്നുന്ന വിജയവുമായാണ് 27കാരനായ കെ എം സച്ചിൻദേവ് നിയമസഭയിലെത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്. ബാലുശേരിയിൽ 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയെയാണ് തോൽപ്പിച്ചത്.
ഇടുക്കിയിൽനിന്നുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർലമെന്ററി പാർടി നേതാവ് പി ജെ ജോസഫിന് 79 വയസ്സുണ്ട്. ജില്ലയിൽനിന്നുള്ള ഏക യുഡിഎഫ് അംഗമാണ്. പത്താംതവണയാണ് നിയമസഭയിലെത്തുന്നത്.
സഭയിലെ 12 അംഗങ്ങൾ 40 വയസ്സിനു താഴെയുള്ളവരാണ്. 40 നും 50 നുമിടയിൽ 30 പേരും, 50 നും 60 നുമിടയിൽ 48 പേരും, 60-നും 70-നുമിടയിൽ 28 പേരുമുണ്ട്. 22 പേർ 70 വയസ്സുകഴിഞ്ഞവരാണ്. ആകെ അംഗങ്ങളുടെ 37 ശതമാനവും പുതുമുഖങ്ങളാണ്.
ഇത്തവണ ജയിച്ച 11 വനിതകളിൽ ഏഴുപേർ ഈ വിഭാഗത്തിൽപ്പെടും.















