തിരുവനന്തപുരം
പുതിയ നിയമസഭയുടെ ആദ്യസമ്മേളനത്തിലെ ആദ്യദിനം മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേരാനും അംഗങ്ങളുടെ തിരക്ക്. എൽഡിഎഫ് ചരിത്രവിജയത്തിന്റെ നിറവിൽ മുഖ്യമന്ത്രിയെ അനുമോദിക്കാനും പിറന്നാൾ ആശംസനേരാനും ഭരണ–-പ്രതിപക്ഷ ഭേദമില്ലാതെ മത്സരിച്ചു. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ പതിനഞ്ചാം കേരളനിയമസഭയിൽ, സഭാ സമ്മേളനത്തിന്റെ ആദ്യദിനം മുഖ്യമന്ത്രിയുടെ പിറന്നാളുമായതും മറ്റൊരു അപൂർവത. തിരക്ക് ഒഴിവാക്കാൻ പതിവുതെറ്റിച്ച് മുഖ്യമന്ത്രി അംഗങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് കൂപ്പുകൈയുമായെത്തി നന്ദി അറിയിച്ചു.
എട്ടേമുക്കാലോടെയാണ് മുഖ്യമന്ത്രി സഭയിലെത്തിയത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ആഘോഷമോ ചടങ്ങുകളോ വേണ്ടെന്നും നിലപാടെടുത്തു. എന്നാൽ, സഭയിലെ സഹപ്രവർത്തകരുടെ ആശംസ അദ്ദേഹം സ്വീകരിച്ചു.
2016 മെയ് 24ന്, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാദിന തലേന്ന് പിണറായി നടത്തിയ വാർത്താസമ്മേളനം മധുരം നിറഞ്ഞ ഓർമയാണ്. ‘എല്ലാവർക്കും മധുരം തരുന്നുണ്ട് ആദ്യം’ എന്നാണ് അന്ന് എ കെ ജി സെന്ററിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. മാധ്യമ പ്രവർത്തകർക്കെല്ലാം ലഡുനൽകി.
ഈ മധുരം എന്തിനാണെന്ന് ഉത്തരം നൽകാനുള്ള അവസരം അദ്ദേഹം മാധ്യമ പ്രവർത്തകർക്ക് നൽകി. ആർക്കും മറുപടിയുണ്ടാകാഞ്ഞതിനാൽ രഹസ്യം പിണറായിതന്നെ വെളിപ്പെടുത്തി. ‘ഇന്നാണ് പിറന്നാൾ. രഹസ്യമായി വച്ചതാണ്’. ഔദ്യോഗിക രേഖയിലെ ജന്മദിനമല്ല, യഥാർഥ പിറന്നാളെന്ന രഹസ്യവും അദ്ദേഹം വെളിപ്പെടുത്തി. അഞ്ചുവർത്തിനു ശേഷം മറ്റൊരു ജന്മദിനത്തിൽ, നിയമസഭയുടെ ആദ്യ ദിനത്തിൽ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം സഭയിലെത്തിയത്.
കൂടുതൽ പേരും സഗൗരവം
എംഎൽഎമാർ സഗൗരവവും ദൈവനാമത്തിലും അല്ലാഹുവിന്റെ പേരിലും പ്രതിജ്ഞ ചെയ്തു. ബഹുഭൂരിപക്ഷവും പ്രതിജ്ഞയെടുത്തത് സഗൗരവം. 136 പേരിൽ 80 പേർ സഗൗരവം പ്രതിജ്ഞ ചൊല്ലി. 45 പേർ ദൈവനാമത്തിലും 11 പേർ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ സഗൗരവമായിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അംഗങ്ങൾ സ്വീകരിച്ചത്. എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവറും സഗൗരവം പ്രതിജ്ഞ ചെയ്തു.
എ രാജ (ദേവികുളം) തമിഴിലും മാണി സി കാപ്പനും (പാലാ), മാത്യൂ കുഴൽനാടനും (മൂവാറ്റുപ്പുഴ) ഇംഗ്ലീഷിലും എ കെ എം അഷ്റഫ് (മഞ്ചേശ്വരം) കന്നടയിലും പ്രതിജ്ഞ ചൊല്ലി.
സ്വതന്ത്രനിര ആവശ്യവുമായി
കെ കെ രമ
വടകര എംഎൽഎ കെ കെ രമ സഭയിൽ സ്വതന്ത്രനിര അവകാശമുന്നയിച്ച് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. ആർഎംപി പ്രതിനിധിയായി മത്സരിച്ച രമ യുഡിഎഫ് പിന്തുണയോടെയാണ് ജയിച്ചത്. തങ്ങൾ യുഡിഎഫിന്റെ ഘടകകക്ഷിയല്ലാത്തതിനാൽ പ്രത്യേക നിര (പ്രത്യേക ബ്ലോക്ക്)യായി പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം.















