വാക്‌സിൻ വിതരണത്തിൽ കടുത്ത നിലപാട് സ്വീകരിച്ച കോടതി ഫെഡറലിസം നോക്കേണ്ട സമയമല്ല ഇതെന്ന് വ്യതമാക്കി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ് വിനോദ് രാമ ചന്ദ്രൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
സൗജന്യ വാക്‌സിൻ വിതരണത്തിന് 34,000 കോടി രൂപയാണ് ഏകദേശം വേണ്ടിവരുക. എന്നാൽ 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസർവ് ബാങ്ക് സർക്കാരിന് നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്‌സിൻ വിതരണത്തിനായി നൽകി കൂടെയെന്നും കോടതി ചോദിച്ചു.
നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യമാണെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. സോളിസിറ്റർ ജനറലാണ് മറുപടി നൽകിയത്. അതേസമയം, ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും വാക്‌സിൻ നൽകുന്നതിലെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്ത് എന്തുകൊണ്ടാണെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ ബുധനാഴ്‌ച മറുപടി നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.