കോഴിക്കോട്
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പദം പി കെ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം, അതല്ല നേതൃസ്ഥാനത്ത് പുതിയ തലമുറ വരണമെന്ന് മറുപക്ഷം. എൽഡിഎഫ് മന്ത്രിസഭയിലും പ്രതിപക്ഷ നേതാവായും പുതുമുഖങ്ങൾ വന്നതിനു പിന്നാലെയാണ് ലീഗിലും തലമുറമാറ്റത്തിനുള്ള ആവശ്യം. കെ പി എ മജീദ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെ ലീഗിന് സ്ഥിരം ജനറൽ സെക്രട്ടറി ഇല്ല. പി എം എ സലാമിന് താൽക്കാലിക ചുമതലയാണ്. പഴയ ഐഎൻഎല്ലുകാരനായ സലാമിന് പൂർണ ചുമതല നൽകുന്നതിൽ മുതിർന്ന നേതാക്കൾക്കടക്കം യോജിപ്പില്ല.
സലാമിനെ ഒഴിവാക്കി കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയാകണമെന്ന് വാദിക്കുന്നവരുണ്ട്. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയാണ് കുഞ്ഞാലിക്കുട്ടി. സംസ്ഥാന നേതൃത്വം ഏറ്റെടുത്താൽ പ്രവർത്തകർക്ക് ആവേശമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സാദിഖലി ശിഹാബ് തങ്ങളടക്കം പാണക്കാട് തറവാട്ടിൽനിന്നുള്ള പിന്തുണയും ഇവർക്കുണ്ട്. എന്നാൽ, ലീഗിന്റെ തകർച്ചയ്ക്ക് ഉത്തരവാദി കുഞ്ഞാലിക്കുട്ടിയാണെന്നാണ് എതിർക്കുന്നവരുടെ പക്ഷം. എംപി സ്ഥാനം രാജിവച്ചുള്ള തിരിച്ചുവരവ് പ്രതിച്ഛായ തകർത്ത് തോൽവിയിലേക്കെത്തിച്ചതായും കുറ്റപ്പെടുത്തുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുൻ എംഎൽഎമാരായ സി മമ്മൂട്ടി, എം ഉമ്മർ എന്നിവരുടെ പേരാണ് ഇവർ പകരംവയ്ക്കുന്നത്. മുൻ എംഎൽഎ കെ എൻ എ ഖാദറിനെയും ഉയർത്തിക്കാട്ടുന്നു.
അഴീക്കോട് തോറ്റ കെ എം ഷാജിക്കും ജനറൽ സെക്രട്ടറി പദത്തിൽ നോട്ടമുണ്ട്. യൂത്ത്ലീഗിലെ ഒരു വിഭാഗത്തെ ഉപയോഗിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ചരടുവലിയും സജീവം. കുഞ്ഞാലിക്കുട്ടിവിരുദ്ധ വികാരം പടർത്തി നേതൃത്വത്തിലെത്താനുള്ള തന്ത്രങ്ങളിലാണ് ഷാജി. ഇതുകൂടി തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ നിരന്തര സൈബർ ആക്രമണത്തെ കഴിഞ്ഞദിവസം ചേർന്ന ഉന്നതാധികാരസമിതി വിമർശിച്ചത്. ഷാജിയെ തഴയാൻ അഴിമതിയും കേസുകളും ചർച്ചയാക്കി തിരിച്ചടിനീക്കവും ശക്തമാക്കി. സമവായം സാധ്യമാകില്ലെങ്കിൽ പി എം എ സലാമിനെ മുൻനിർത്തി കുറച്ചുകാലംകൂടി മുന്നോട്ട് പോകാനാകും ലീഗ് തയ്യാറാകുക. എന്നാൽ, തലമുറമാറ്റത്തിനായി ശബ്ദിക്കുന്ന പ്രവർത്തകർ തൃപ്തരാകുമോ എന്ന് നേതാക്കളിലേറെപ്പേർക്കും സംശയമുണ്ട്.