തിരുവനന്തപുരം
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അവസാന നിമിഷം വെട്ടിമാറ്റിയതിൽ രോഷാകുലനായി രമേശ് ചെന്നിത്തല. അഞ്ചുവർഷം മുന്നണിയെ നയിച്ച തന്നെ മാറ്റുന്നത് യഥാസമയം അറിയിക്കാനുള്ള മര്യാദപോലും കാട്ടാത്തത് വേദനിപ്പിച്ചെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. എഐസിസി പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, താരീഖ് അൻവർ എന്നിവരടക്കമുള്ളവരെയാണ് അദ്ദേഹം നീരസം അറിയിച്ചത്. അതേസമയം, വി ഡി സതീശനായി ചരടുവലിച്ച സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിക്കാൻ ചെന്നിത്തല തയ്യാറായില്ല.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാറുമായിരുന്നിട്ടും അതിനവസരം നൽകാതെ അപമാനിച്ച് പടിയിറക്കിയെന്നാണ് ചെന്നിത്തല അനുകൂലികളുടെ പരാതി. ഐ ഗ്രൂപ്പ് എംഎൽഎമാർവരെ ചെന്നിത്തലയെ കൈയൊഴിഞ്ഞതിൽ കടുത്ത അമർഷവും അവർ പരസ്യമായി പ്രകടിപ്പിക്കുന്നു. സഭയിൽ നേതൃസ്ഥാനമില്ലെങ്കിലും ജനങ്ങൾക്കിടയിൽ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്ത് ചെന്നിത്തല പ്രവർത്തിക്കണമെന്നാണ് അവരുടെ നിർദേശം. എന്നാൽ, ഇക്കാര്യങ്ങളോടൊന്നും ചെന്നിത്തല പ്രതികരിച്ചിട്ടില്ല. തനിക്ക് നിരാശയില്ലെന്നും കഴിഞ്ഞത് കഴിഞ്ഞുവെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
വി ഡി സതീശന്റെ നിയമനത്തിൽ അതൃപ്തിയുള്ള എ ഗ്രൂപ്പിലെ പ്രമുഖരും ചെന്നിത്തലയുമായി ബന്ധപ്പെട്ടു.
ഐ ഗ്രൂപ്പിൽ ജൂനിയറായ വി ഡി സതീശന്റെ വരവിനെ തടയാൻ എ ഗ്രൂപ്പിന്റെ പിന്തുണ ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. അവസാന നിമിഷം ഉമ്മൻചാണ്ടി കാലുമാറിയെന്നാണ് ചെന്നിത്തല കരുതുന്നത്. ചെന്നിത്തലയെപ്പോലെ താനും നോക്കുകുത്തിയായെന്നാണ് ഉമ്മൻചാണ്ടിയുടെ പരിഭവം. സതീശനെ കക്ഷിനേതാവായി പ്രഖ്യാപിക്കുന്നതായി രാവിലെയാണ് ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാൻഡ് പ്രതിനിധികൾ അറിയിച്ചത്.