ന്യൂഡൽഹി
ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിംപള്ളി ഹൈക്കോടതി നിർദേശം മാനിക്കാതെ ജില്ലാ അധികൃതർ പൊളിച്ചതിനുപിന്നില് ബിജെപിയുടെ രാഷ്ട്രീയപദ്ധതി. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വർഗീയധ്രുവീകരണം തീവ്രമാക്കുകയാണ് ലക്ഷ്യം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയോധ്യയിലും വാരാണസിയിലുമടക്കം ബിജെപിക്ക് തിരിച്ചടിയേറ്റതോടെയാണിത്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകളില്നിന്നും കർഷകപ്രക്ഷോഭത്തിൽനിന്നും ശ്രദ്ധ തിരിക്കേണ്ടതും അനിവാര്യമായി.
അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് 17ന് പള്ളി ഇടിച്ചുനിരത്തിയത്. മന്ദിരം തകർക്കാനുള്ള നടപടി മെയ് 31 വരെ നിർത്തിവയ്ക്കണമെന്ന് ഏപ്രിൽ 24ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കവെ ബാബ്റി മസ്ജിദ് തകർത്തതിനെ അനുസ്മരിക്കുംവിധമാണ് ബാരാബങ്കി പള്ളി പൊളിച്ചത്.
നൂറുകണക്കിന് പൊലീസുകാര വിന്യസിച്ച് ഇവിടേക്ക് നാട്ടുകാർ എത്തുന്നതുതടഞ്ഞു. സുന്നി വഖഫ് ബോർഡ് ഭാരവാഹികളായ എട്ട് പേർക്കെതിരെ, വ്യാജരേഖകൾ ചമച്ചുവെന്ന് ആരോപിച്ച് കേസുമെടുത്തു. പ്രതിഷേധിച്ചെന്ന പേരിൽ നൂറുകണക്കിനുപേർക്കെതിരെയും കേസെടുത്തു. ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തു. അനധികൃത നിർമാണം ആരോപിച്ച് മാർച്ച് 15നു മാത്രമാണ് പള്ളി കമ്മിറ്റിക്ക് നോട്ടീസ് ലഭിച്ചത്. 1959 മുതലുള്ള വൈദ്യുതിബിൽ അടക്കമുള്ള രേഖ ഹാജരാക്കിയത് പരിഗണിച്ചില്ല.
മുസഫർനഗർ വർഗീയകലാപം വഴി പശ്ചിമ യുപിയിൽ നേടിയ സ്വാധീനം ഉപയോഗിച്ചാണ് കഴിഞ്ഞതവണ ബിജെപി അധികാരം പിടിച്ചത്. ആ സ്വാധീനം ഭരണപരാജയം മൂലം നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് വെല്ലുവിളിയാകുന്നത് ഈ സാഹചര്യത്തിലാണ്.