സൂറത്ത്
ഗുജറാത്തിലെ സർത്തനയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ബിജെപി എംഎൽഎ റെംഡിസിവർ മരുന്ന് സിറിഞ്ചിൽ നിറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
കാംരെജ് മണ്ഡലത്തിലെ എംഎൽഎയായ വി ഡി സലവാഡിയയാണ് കോവിഡ് കേന്ദ്രത്തിൽ ചികിത്സകനായി മാറിയത്. ഗുജറാത്തിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം രൂക്ഷമായിരിക്കെ പുറത്തുവന്ന ദൃശ്യങ്ങൾ വിവാദമായി. ബിജെപി പ്രവർത്തകർക്ക് ഇഞ്ചക്ഷൻ എടുക്കാൻ പരിശീലനം നൽകാൻ ആരോഗ്യമന്ത്രി നിതിൻ പട്ടേൽ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വക്താവ് ജയരാജ്സിങ് പാർമർ പരിഹസിച്ചു. താൻ റെംഡിസിവർ ഡ്രിപ്പ് കുപ്പിയിലാണ് കുത്തിവച്ചതെന്നും രോഗിയിലല്ലെന്നും സലവാഡിയ പറഞ്ഞു. ഈ കോവിഡ് കേന്ദ്രത്തിൽ 40 ദിവസമായി താൻ രോഗികളെ പരിപാലിക്കുന്നുണ്ടെന്നും 200 പേർക്ക് രോഗം ഭേദമായെന്നും സലവാഡിയ അവകാശപ്പെട്ടു.