രംഗം 1
രണ്ട് കാറുകൾ
യാത്ര തുടങ്ങുന്നു
ഏപ്രിൽ രണ്ടിന് കോടിക്കണക്കിന് രൂപയുമായി രണ്ടു കാറുകളിലായി കോഴിക്കോട്ടുനിന്ന് ഒരു സംഘം പുറപ്പെടുന്നു. തൃശൂർ, എറണാകുളം ജില്ലയിലേക്കാണ് പണം. മുന്നിൽ പൈലറ്റ് വാഹനം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ പരിശോധനയുണ്ടോ എന്നറിയലാണ് ലക്ഷ്യം. പിറകിൽ പണമടങ്ങിയ കാർ. പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്. എറ്റുവാങ്ങിയത് ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്. കാറോടിക്കുന്നത് ഡ്രൈവർ ഷംജീർ. വണ്ടി പുറപ്പെട്ടയുടൻ ആർഎസ്എസ് നേതാക്കൾക്ക് സന്ദേശം കൈമാറുന്നു. ഇതിലൊരു സന്ദേശം പുറത്താവുന്നു. പണത്തിന്റെ ബിജെപി ബന്ധം വെളിവായത് ഈ സന്ദേശത്തിലൂടെ.
രംഗം 2
കൂട്ടിന് റഷീദ്
പണവണ്ടി ഓടിച്ച ഷംജീർ കൂട്ടിനായി റഷീദിനെ കാറിൽ കയറ്റുന്നു. കുഴൽപ്പണ കവർച്ചാസംഘത്തിന്റെ കണ്ണിയായ റഷീദ് കവർച്ചാസംഘത്തിന് സന്ദേശം നൽകുന്നു. കവർച്ചാസംഘം പണവണ്ടിക്കു പിന്നാലെ. മൊബൈൽഫോണിലെ ജിപിഎസ് വഴി കാറിന്റെ റൂട്ട്മാപ്പ് അയച്ചു. പണവുമായി എത്തിയ വാഹനം കുറ്റിപ്പുറത്ത് തകരാറിലായി. ഇത് പരിഹരിച്ച് യാത്ര തുടരുന്നു. ഇതിനിടെ കവർച്ചാസംഘം തൃശൂരിലെ കുഴൽപ്പണംതട്ടൽ സംഘത്തിന്റെ സഹായം തേടുന്നു.
രംഗം 3
ഒരു രാത്രി തൃശൂരിൽ
പണവുമായി സംഘം രാത്രി തൃശൂരിൽ. സ്വകാര്യ ലോഡ്ജിൽ ജില്ലയിലെ ബിജെപി നേതാക്കൾ എടുത്ത് നൽകിയ മുറിയിൽ താമസിക്കുന്നു. (ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും സംശയം). പെെലറ്റ് വണ്ടിയിലുണ്ടായിരുന്ന ധർമ്മരാജനും തൃശൂരിൽ താമസിച്ചു. ഏപ്രിൽ മൂന്നിന് പുലർച്ചെ യാത്ര പുനരാരംഭിക്കുന്നു. ഇവിടുന്നങ്ങോട്ട് പെെലറ്റ് വണ്ടിയില്ല. പണവണ്ടി പാലിയേക്കര ടോൾപ്ലാസയിൽ നിർത്തി. ഗുണ്ടകൾ സഞ്ചരിച്ച കാർ ടോൾപ്ലാസയിലെ ബാരിയറിൽ തട്ടുന്നു. നിർത്താതെ പാഞ്ഞുപോവുന്നു. പൊലീസിന് ലഭിച്ച ഈ സിസിടിവി ദൃശ്യങ്ങൾ ക്വട്ടേഷൻ സംഘം വാഹനത്തെ പിന്തുടർന്നതിന്റെ തെളിവായി മാറി.
രംഗം 4
പുലർച്ചെ 4.30ന് അപകടം
തൃശൂരിൽനിന്നും പുറപ്പെട്ട വാഹനം കൊടുങ്ങല്ലൂർ വഴി എറണാകുളത്തേക്ക് പോകുമെന്ന് ആദ്യസൂചന. തൃശൂരിലെ കവർച്ചാസംഘം ഇരിങ്ങാലക്കുടയിൽ കേന്ദ്രീകരിച്ചു. പണവണ്ടി കൊടുങ്ങല്ലൂർ റൂട്ട് ഉപേക്ഷിച്ച് കൊടകര വഴിയാക്കുന്നു. കവർച്ചാസംഘം കൊടകരയിലെത്തുന്നു. പുലർച്ചെ 4.30 കൊടകര മേൽപ്പാലത്തിന് സമീപം പണവണ്ടിയിൽ കവർച്ചാസംഘത്തിന്റെ വാഹനം ഇടിപ്പിക്കുന്നു. ഡ്രൈവർ ഷംജീറിനെ പറുത്തിറക്കി. കവർച്ചാസംഘം പണവണ്ടിയുമായി കടന്നുകളയുന്നു. പണംകവർന്നശേഷം കാർ ഇരിങ്ങാലക്കുടയിൽ ഉപേക്ഷിക്കുന്നു.
കുഴൽപ്പണക്കവർച്ചാ സംഘം പാലിയേക്കര ടോൾപ്ലാസ വഴി കടന്നുപോവുന്നു
പരാതിയിൽ 25 ലക്ഷം,
കണ്ടെടുത്തത് 1 കോടി
ഏപ്രിൽ മൂന്നിന് പുലർച്ച 4.30നാണ് കൊടകരയിൽ കാറപകടമുണ്ടായത്. വാഹനാപകടമെന്നാണ് ആദ്യം കരുതിയത്. അപകടശേഷം കാറും പണവും കവർന്നതായി അറിഞ്ഞു. അപകടനാടകം സൃഷ്ടിക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പിനുള്ള കുഴൽപ്പണമാണിതെന്നും പുറത്തുവന്നു. കേസിൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ ധർമരാജിന്റെ പരാതി. എന്നാൽ, പ്രതികളിൽനിന്ന് ഒരു കോടിയോളം രൂപ കണ്ടെടുത്തതോടെ എല്ലാം പൊളിഞ്ഞു.
കൊടകര പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാർ ഓടിച്ചിരുന്ന ഷംജീറാണ് ധർമരാജിനു വേണ്ടി പരാതി നൽകിയത്. പണം എറണാകുളത്ത് ഭൂമി ഇടപാടിനുള്ളതാണെന്നായിരുന്നു പരാതി. റൂറൽ എസ്പി ജി പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിൽ 15 അംഗ സംഘത്തിന് അന്വേഷണച്ചുമതല നൽകി. ഏഴ് പ്രതികളെ ആദ്യം അറസ്റ്റ് ചെയ്തു. അഞ്ചുപേർക്ക് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അടുത്തദിവസം അഞ്ചുപേരും അറസ്റ്റിലായി. കേസിൽ സ്ത്രീയുൾപ്പെടെ 19 പേർ അറസ്റ്റിലായി. കുഴൽപ്പണക്കവർച്ച യാത്ര പുനരാവിഷ്കരിച്ചു. പരാതി നൽകിയ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് റൂറൽ എസ്പി ജി പൂങ്കുഴലി വ്യക്തമാക്കി. ഇയാൾക്ക് പണം കൊടുത്തത് മുൻ യുവമോർച്ച നേതാവ് സുനിൽ നായിക്കാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
പിന്നീട് ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു. നഷ്ടപ്പെട്ടത് മൂന്നരക്കോടിയാണെന്ന് സ്ഥിരീകരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കവർന്നതെന്ന് പൊലീസിന് സൂചന ലഭിച്ചു.
ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി ജി കാശിനാഥനെയും തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെയും ജില്ലാ ട്രഷറർ സുജയ് സേനനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷിനോടും ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനോടും ഞായറാഴ്ച ഹാജരാവാൻ അന്വേഷകസംഘം നിർദേശിച്ചിരുന്നു. എന്നാൽ, സാവകാശം വേണമെന്നാണ് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത്.
ചെറിയ മീനല്ല, സുനിൽ നായിക്
യുവമോർച്ച സംസ്ഥാന ട്രഷറർ, ദേശീയ സമിതി അംഗം, നേതാക്കളുടെ സ്വന്തക്കാരനായ സജീവ പ്രവർത്തകൻ –-സുനിൽ നായിക്. കോഴിക്കോട്ടുകാരനായ ഈ നേതാവ് അടുത്ത കാലത്തായി എവിടെയാണെന്ന് ബിജെപി–-യുവമോർച്ചയുടെ സാധാരണ നേതാക്കൾക്കോ പ്രവർത്തകർക്കോ അറിയില്ല. പെട്ടെന്ന് അപ്രത്യക്ഷനായ നേതാവിനെ കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിലൂടെയാണ് പ്രവർത്തകർ മനസ്സിലാക്കിയത്.
ബിജെപി കുഴൽപ്പണ കവർച്ചാ കേസ് വാർത്ത വന്നതോടെയാണ് പഴയ നേതാവ് സുനിൽ നായിക് ബിജെപിയിൽ വീണ്ടും ചർച്ചയാവുന്നത്. കെ സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ ട്രഷററായിരുന്നു സുനിൽ നായിക്. സുരേന്ദ്രനൊപ്പം ഭാവിനേതാവെന്ന് വാഴ്ത്തപ്പെട്ട ചെറുപ്പക്കാരൻ. എന്നാൽ, പെട്ടെന്നൊരുനാൾ പാർടി വേദികളിൽനിന്ന് അപ്രത്യക്ഷനായി. പിന്നീടുള്ള സുനിൽ നായിക്കിന്റെ ബന്ധവും വളർച്ചയും മിന്നൽ വേഗത്തിലാണെന്നാണ് പാർടിക്കകത്തെ സംസാരം.
സുനിൽ നായിക് (ഇടതുഭാഗത്ത് കറുത്ത ഷർട്ട്) കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർക്കൊപ്പം
വർഷങ്ങളായി ഡൽഹിയിലും മുംബൈയിലുമാണ് സുനിൽ നായിക്. നരേന്ദ്ര മോഡി കേരളത്തിലെത്തുമ്പോൾ കാര്യങ്ങൾ ഒരുക്കുന്നയാൾ. അമിത്ഷാ ക്ഷേത്രദർശനം നടത്തുമ്പോൾ കൂടെയുണ്ടാകുന്നയാൾ. രാജ്നാഥ്സിങ്ങും ബി എൽ സന്തോഷുമടക്കം ദേശീയതലത്തിലെ പ്രമുഖരുടെ അടുപ്പക്കാരൻ. നേതാക്കളുമായി ബന്ധപ്പെട്ട ഇടപാടുകളും ഉപജാപങ്ങളുമായി അണിയറയിൽ കാര്യങ്ങളുടെ നടത്തിപ്പുകാരൻ.
കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ഏറ്റവും അടുപ്പക്കാരനെന്ന് സുനിൽ നായിക്കിനെക്കുറിച്ച് വെറുതെ പറയുന്നതല്ല. സമൂഹമാധ്യമങ്ങളിൽ ഇരുനേതാക്കളും സുനിൽനായിക്കുമുള്ള നിരവധി സ്വകാര്യ സൗഹൃദ ഫോട്ടോകൾ പ്രചരിപ്പിച്ച് ബിജെപിയിലെ ഒരു വിഭാഗം ഇത് സത്യമെന്ന് അടിവരയിടുന്നു. സുനിൽ നായിക്കിന് ഡൽഹിയിലും മുംബൈയിലും രാജ്യത്തിന് പുറത്തുമായി സാമ്പത്തിക–-വാണിജ്യ ബന്ധങ്ങളുണ്ടെന്നാണ് ചർച്ച. ഇതൊന്നും ഇവർ നിഷേധിച്ചിട്ടില്ല. സുനിൽ നായിക് ചെറിയ മീനല്ലെന്നാണ് ബിജെപിക്കകത്തെ സംസാരം. വലിയ മീൻ പുറത്ത് നീന്തിത്തുടിക്കുകയാണെന്നും.
ബിജെപിയുടെ സ്വന്തം ധർമരാജൻ
കുഴൽപ്പണ കവർച്ചാകേസ് പുറത്തറിയുന്നത് കോഴിക്കോട് സ്വദേശി ധർമരാജൻ കൊടകര പൊലീസിൽ പരാതി നൽകുന്നതോടെയാണ്. ആർഎസ്എസ് പ്രവർത്തകനായ ധർമരാജൻ ഡ്രൈവർ ഷംജീറിനെക്കൊണ്ടാണ് പരാതി നൽകിച്ചത്. ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ എന്ന് പറഞ്ഞാൽ കോഴിക്കോട്ടും പരിസരത്തുമുള്ള ആർഎസ്എസുകാർക്കുപോലും അറിയില്ല. പകരം അബ്കാരി ധർമരാജൻ എന്നുപറഞ്ഞാൽ ഒരുപാട് പേരറിയും. കോഴിക്കോട് മലാപ്പറമ്പിലെ ഫ്ലോറിക്കൻ റോഡിനടുത്തായി താമസിക്കുന്ന ധർമരാജൻ വർഷങ്ങളായി ആർഎസ്എസ് പ്രവർത്തകനാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് ധർമരാജന്റെ സാമ്പത്തിക വളർച്ചയും. കൺസ്യൂമർഫെഡിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാരനായിരുന്നു. ആർഎസ്എസ് പ്രചാരക്മാരും ബിജെപി ഉന്നതരുമായി അടുപ്പമായതോടെ റിയൽ എസ്റ്റേറ്റിലേക്ക് ചുവടുമാറ്റി. മറുനാട്ടിലടക്കം വ്യാപാരവും റിയൽ എസ്റ്റേറ്റും പരന്നു.
ഇതിനിടയിലാണ് മദ്യവ്യാപാരത്തിലേക്ക് നീങ്ങിയത്. കേരളമല്ല, കർണാടകമാണ് തട്ടകം. മൈസൂരുവിലും ചാമരാജ് നഗറിലും മറ്റുമായുള്ള വ്യാപാരങ്ങൾ കർണാടകത്തിലെയടക്കം ബിജെപി –-ആർഎസ്എസ് പ്രമുഖരുമായാണെന്നാണ് ചർച്ച. വർഷങ്ങളായി തെരഞ്ഞെടുപ്പു കാലത്ത് ബിജെപിയുടെ പണമിടപാട് നിയന്ത്രണം ഇയാളുടെ മേൽനോട്ടത്തിലാണ്. ഇത്തവണ കർണാടകത്തിൽനിന്നുള്ള പണം വയനാട് വഴി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ എത്തിക്കുകയായിരുന്നു ചുമതല. കൊടകരയിൽവച്ച് പണക്കവർച്ചാനാടകവും തുടർന്ന് 25 ലക്ഷം നഷ്ടമായതായ പരാതിയും ധർമരാജൻ നൽകിയത് നേതൃത്വത്തിലെ പ്രധാനികളുമായി ചർച്ചചെയ്താണെന്നാണ് ബിജെപിക്കകത്തെ സംസാരം. കേസിൽ പൊലീസ് ചോദ്യംചെയ്ത ആർഎസ്എസ് ബന്ധമുള്ള നേതാവുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.