തിരുവനന്തപുരം
ഉന്നത ബിജെപി നേതാക്കൾക്ക് നേരിട്ട് ബന്ധമുള്ള, മൂന്നരക്കോടി രൂപയുടെ കൊടകര കള്ളപ്പണമിടപാട് അന്വേഷിക്കേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചതായി വിവരം. കേന്ദ്ര മന്ത്രിസഭയുമായി നേരിട്ട് ബന്ധമുള്ള കേരളത്തിലേയും കർണാടകത്തിലേയും ഉന്നത ബിജെപി നേതാക്കളുടെ ഇടപെടലാണ് കാരണം. അന്വേഷണമാവശ്യപ്പെട്ട് ഒരു മാസംമുമ്പ് ലഭിച്ച പരാതി ഇഡി ഡൽഹി, കൊച്ചി ഓഫീസുകൾ പൂഴ്ത്തി. അന്വേഷണത്തിന് നേതൃത്വം നൽകേണ്ട ഒരു ഉന്നത ഇ ഡി ഉദ്യോഗസ്ഥൻ അവധിയിൽ പോയതായും അറിയുന്നു. മറ്റൊരു കേന്ദ്ര ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) പ്രാഥമിക അന്വേഷണത്തിന് തയ്യാറായിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എൻഐഎയും അനങ്ങുന്നില്ല.
കഴിഞ്ഞമാസം 25ന് കോഴിക്കോട് സ്വദേശി സലിം മടവൂർ, ഡൽഹിയിലെ ഇഡി ഹെഡ്ക്വാർട്ടേഴ്സ് മേധാവി, കൊച്ചി ജോയിന്റ് ഡയറക്ടർ, കോഴിക്കോട് ഓഫീസ് എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. പ്രാഥമികാന്വേഷണം ഉടൻ നടക്കുമെന്നായിരുന്നു ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് പരാതിക്കാരന് ലഭിച്ച വിവരം. ആഴ്ചകൾ പിന്നിട്ടിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാൻ പോലും ഇ ഡി തയ്യാറായിട്ടില്ല.