ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ വിഷയങ്ങളുടെ എണ്ണവും പരീക്ഷാസമയവും വെട്ടിക്കുറച്ചായാലും സിബിഎസ്ഇ 12–-ാം ക്ലാസ് പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം. സംസ്ഥാനങ്ങൾ ചൊവ്വാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കണം. അതിനുശേഷം കേന്ദ്രം അന്തിമതീരുമാനം അറിയിക്കുമെന്നും ഉന്നതതലയോഗത്തില്‍ അറിയിച്ചു.
പ്രധാന വിഷയങ്ങളിൽ ഉത്തരം തെരഞ്ഞെടുക്കേണ്ട ചോദ്യങ്ങള്‍ നൽകിയോ ചെറിയ ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ നൽകിയോ ഒന്നര മണിക്കൂറില്‍ പരീക്ഷ പൂർത്തിയാക്കാനുള്ള സാധ്യതയാണ് കേന്ദ്രം മുന്നോട്ടുവച്ചത്. പരീക്ഷ നടത്തണമെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും യോഗത്തില്‍ അറിയിച്ചു.
ചില സംസ്ഥാനങ്ങളിൽ സംസ്ഥാനബോർഡുകൾ നടത്തേണ്ട 12–-ാം ക്ലാസ് പരീക്ഷകളും നടത്താനായിട്ടില്ല. അതേക്കുറിച്ചും ചർച്ച ചെയ്തു. കേരളം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരത്തേ 12–-ാം ക്ലാസ് പരീക്ഷ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക്, പ്രതിരോധമന്ത്രി രാജ്നാഥ്സിങ് എന്നിവർ സംസാരിച്ചു.