പാലക്കാട്
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കെണ്ടുവന്ന പണം വ്യാജ അപകടമുണ്ടാക്കി തട്ടിയെടുക്കാനുള്ള ശ്രമം പാലക്കാട്ടും നടത്തി. എന്നാൽ, വാഹന ഡ്രൈവർ നൽകിയ എസ്എംഎസ് ആളുമാറിപ്പോയതോടെ ശ്രമം ഉപേക്ഷിച്ചു. കോയമ്പത്തൂർ വഴി വന്ന പണം തൃശൂരിലേക്ക് കൊണ്ടുപോകും വഴി വടക്കഞ്ചേരി പന്തലാംപാടത്തുവച്ച് വ്യാജ അപകടമുണ്ടാക്കി തട്ടിയെടുക്കാനായിരുന്നു പദ്ധതി. സ്ഥലം ഏതെന്ന് മറന്ന ഡ്രൈവർ പണം നൽകിയ ആളോട് എസ്എംഎസ് വഴി അന്വേഷിച്ചു. എന്നാൽ, സന്ദേശം പോയത് മറ്റൊരാൾക്ക്. അയാൾ ഉടൻ വടക്കഞ്ചേരി പൊലീസിന് വിവരം കൈമാറുകയും പൊലീസ് അന്വേഷിക്കുകയും ചെയ്തതോടെ പദ്ധതി പൊളിഞ്ഞു. 25 ലക്ഷമാണ് വാഹനത്തിലുണ്ടായിരുന്നത് എന്നായിരുന്നു പൊലീസിനോട് പറഞ്ഞിരുന്നത്.
ദേശീയപാതയിൽ വടക്കഞ്ചേരിക്കും കുതിരാനും ഇടയിൽ ആളൊഴിഞ്ഞ സ്ഥലമാണ് പന്തലാംപാടം. ഇവിടെ അപകടവും പതിവാണ്. അതുകൊണ്ടാണ് ഇവിടെവച്ചുതന്നെ അപകടം ഉണ്ടാക്കാൻ നിർദേശിച്ചത്. തെരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പാണ് പണം തട്ടാൻ പദ്ധതിയിട്ടത്. ഇതിലും ഉന്നതനേതാക്കൾക്ക് പങ്കുണ്ടായിരുന്നുവെന്ന് പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.