ബെർലിൻ
റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളടി തുടരുന്നു. ജർമൻ ലീഗ് ഈ സീസണിൽ 41‐ാം ഗോളുംതൊടുത്ത് ഈ പോളണ്ടുകാരൻ മറ്റൊരു നേട്ടം കൂടി കുറിച്ചു. വിഖ്യാത താരം യെർദ് മുള്ളർ 1971‐72 സീസണിൽ നേടിയ 40 ഗോളിനെ ലെവൻഡോവ്സ്കി മറികടന്നു. ജർമൻ ലീഗിലെ അവസാന മത്സരത്തിൽ ഓഗ്സ്ബുർഗിനെ 5‐2ന് തോൽപ്പിച്ചപ്പോൾ ഒരെണ്ണം ലെവൻഡോവ്സ്കിയുടെ വകയായിരുന്നു.
ജർമൻ ലീഗിൽ ആകെ 277 ഗോളാണ് ലെവൻഡോവ്സ്കിക്ക്. 365 ഗോൾ നേടിയ മുള്ളർ മാത്രം മുന്നിൽ. ലീഗ് കിരീടം അവസാന റൗണ്ടിന് മുമ്പുതന്നെ ബയേൺ സ്വന്തമാക്കിയിരുന്നു. 34 കളിയിൽ 78 പോയിന്റാണ് ബയേണിന്. രണ്ടാമതുള്ള ആർ ബി ലെയ്പ്സിഗിന് 65 പോയിന്റും. അവസാന കളിയിൽ ലെയ്പ്സിഗ് യൂണിയൻ ബെർലിനോട് തോറ്റു (1‐2). 64 പോയിന്റുമായി ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്നാമതെത്തി. ഡോർട്ട്മുണ്ട് ബയേർ ലെവർകൂസനെ 3‐1ന് തോൽപ്പിച്ചു.
ഓഗ്സ്ബുർഗിനെതിരെ ലെവൻഡോവ്സ്കിക്ക് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലുംതുടക്കത്തിൽ മുതലാക്കാനായില്ല. കളിയുടെ അവസാന നിമിഷമാണ് ഗോൾ നേടിയത്. സെർജി നാബ്രി, ജോഷ്വ കിമ്മിക്ക്, കിങ്സ്ലി കൂമാൻ എന്നിവരും ബയേണിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം ഓഗ്സ്ബുർഗ് താരം ജെഫ്രി ഗൗവിലീയുവിന്റെ പിഴവുഗോളായിരുന്നു. പരിശീലകൻ ഹാൻസി ഫ്ളിക്കിന് കീഴിൽ ബയേണിന്റെ അവസാന മത്സരം കൂടിയായി ഇത്. 2019 നവംബറിലായിരുന്നു ഫ്ളിക്ക് പരിശീലകനായി ചുമതലയേറ്റത്. ചാമ്പ്യൻസ് ലീഗ്, രണ്ട് ജർമൻ ലീഗ്, ജർമൻ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവ സ്വന്തമാക്കി. ഡേവിഡ് അലാബ, ഹാവി മാർട്ടിനെസ്, ജെറോം ബോട്ടെങ് എന്നീ താരങ്ങളുടെയും അവസാന മത്സരമായിരുന്നു ഇത്.