മാഡ്രിഡ്
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ വമ്പൻ ക്ലബ്ബുകൾ അടിപതറുമ്പോഴാണ് യൂറോപ്പിൽ സീസൺ അവസാനിക്കുന്നത്. സ്പെയ്നിൽ വമ്പൻമാരായ റയൽ മാഡ്രിഡും കളത്തിലും പുറത്തും ഒരുപോലെ തളർന്നു. ഈ ഘട്ടത്തിലും തല ഉയർത്തിയത് അത്ലറ്റികോ മാഡ്രിഡാണ്. ഏഴ് വർഷത്തിനിടെ നേടിയ ആദ്യ ലീഗ് കിരീടം അത്ലറ്റികോയ്ക്ക് പുതുജീവൻ നൽകി. റയൽ, ബാഴ്സ എന്നീ ക്ലബ്ബുകളിൽ കേന്ദ്രീകരിച്ച അധികാരം അത്ലറ്റികോയും പങ്കിട്ടെടുക്കുന്നു. സ്പാനിഷ് ലീഗിൽ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് അത്ലറ്റികോയുടെ ഈ കിരീട നേട്ടം.
റയലിനെ രണ്ട് പോയിന്റ് പിന്നിലാക്കിയാണ് അത്ലറ്റികോ സ്പാനിഷ് ലീഗ് കിരീടം ചൂടിയത്.ദ്യേഗോ സിമിയോണിയെന്ന പരിശീലകന് കീഴിൽ രണ്ടാം ലീഗ് കിരീടമാണ് അത്ലറ്റികോയ്ക്ക്. കഴിഞ്ഞ ഒമ്പതു വർഷമായി രണ്ടാമതോ മൂന്നാമതോ ആയാണ് അത്ലറ്റികോ സീസൺ പൂർത്തിയാക്കിയിട്ടുള്ളത്. ഇതിനിടെ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലുമെത്തി. എട്ട് കിരീടങ്ങളാണ് സിമിയോണിക്ക് കീഴിൽ നേടിയത്.
സിമിയോണിയുടെ പരിശീലന മികവിനൊപ്പം കഴിഞ്ഞ സീസൺ താരലേല വിപണിയിൽ അത്ലറ്റികോ വൻതുക മുടക്കുകയും ചെയ്തു. ഇതിന്റെ ഗുണവും ഇക്കുറി ലഭിച്ചു. എന്നാൽ ടീമിന്റെ കടം ഏകദേശം 7000 കോടി രൂപയായത് വലിയ തിരിച്ചടിയായി. ഇതിനിടയിലാണ് ആശ്വാസമായി ലീഗ് കിരീടമെത്തിയത്.റയലും ബാഴ്സയും പിന്തുണയ്ക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് ആദ്യം പിന്മാറിയ ടീമുകളിലൊന്ന് അത്ലറ്റികോയാണ്.
ബാഴ്സ പരുങ്ങുന്നു
സൂപ്പർ താരം ലയണൽ മെസിയും പരിശീലകൻ റൊണാൾഡോ കൂമാനും ബാഴ്സയിൽ അടുത്ത സീസണിൽ ഉറപ്പില്ല. കോപ ഡെൽ റേ കിരീടം മാത്രമാണ് സീസണിൽ ബാഴ്സയുടെ സമ്പാദ്യം. ലീഗിൽ മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു. ഒന്നാമതുള്ള അത്ലറ്റികോയെക്കാൾ ഏഴ് പോയിന്റിനും രണ്ടാമതുള്ള റയലിനെക്കാൾ അഞ്ച് പോയിന്റിനും പിന്നിൽ. 2008നുശേഷമുള്ള ബാഴ്സയുടെ മോശം പ്രകടനം. 7500 കോടി രൂപയുടെ കടമാണ് ക്ലബ്ബിന്. കളിക്കാർക്ക് ശമ്പളം കൊടുക്കാനായി വായ്പ എടുക്കേണ്ടിയും വന്നു.
കൂമാനെ പുറത്താക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് യൊവാൻ ലപോർട്ട സൂചന നൽകിക്കഴിഞ്ഞു. മുൻ താരം സാവി എത്താൻ സാധ്യതയുണ്ട്. ഇതിനിടെ ബയേൺ മ്യൂണിക് പരിശീലകൻ ഹാൻസി ഫ്ളിക്കിനുമായും ശ്രമിച്ചു. പക്ഷേ, ഫ്ളിക്ക് വാഗ്ദാനം നിരസിച്ചു.
സെർജിയോ അഗ്വേറോ, എറിക് ഗാർഷ്യ, ജോർജിനോ വൈനാൽദം, മെംഫിസ് ഡിപെ എന്നീ കളിക്കാർ ടീമിലെത്തിയേക്കും. കരാർ പുതുക്കാത്ത മെസിയുടെ കാര്യത്തിൽ ബാഴ്സയ്ക്ക് ഉറപ്പില്ല. കിരീടമില്ലാതെ റയൽ സിനദിൻ സിദാന് കീഴിൽ ഒരു കിരീടം പോലുമില്ലാതെയാണ് റയൽ സീസൺ അവസാനിപ്പിച്ചത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ് ക്ലബ്ബ്.
സിദാൻ പരിശീലക സ്ഥാനത്തുനിന്ന് മാറിയേക്കും. ക്യാപ്റ്റനും മുതിർന്ന താരവുമായ സെർജിയോ റാമോസ് ഇതുവരെ കരാർ പുതുക്കിയില്ല. കരിം ബെൻസെമ, ലൂക്കാ മോഡ്രിച്ച്, എന്നിവർ കളി ജീവിതത്തിന്റെ നല്ല ഘട്ടം പിന്നിടുന്നു. വൻ തുക മുടക്കി കൊണ്ടുവന്ന എദെൻ ഹസാർഡ് പരിക്കിൽ തളരുകയാണ്.മുൻ താരം റൗൾ ഗൊൺസാലസിനെ പരിശീലകനായി എത്തിച്ച് ടീമിൽ അടിമുടി മാറ്റം വരുത്താനാണ് റയലിന്റെ ശ്രമം.