മാഡ്രിഡ്
പ്രായം കടന്നുവെന്ന് പറഞ്ഞ് റൊണാൾഡ് കൂമാൻ ബാഴ്സലോണയിൽനിന്ന് ഒഴിവാക്കിയതാണ് ലൂയിസ് സുവാരസിനെ. നൗകാമ്പിലെ പരിശീലന കളത്തിൽനിന്ന് കണ്ണീരോടെയായിരുന്നു സുവാരസിന്റെ മടക്കം. മാസങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി സുവാരസ് കണ്ണീരണിഞ്ഞു. ആ കണ്ണീർ പക്ഷേ, ആനന്ദത്തിന്റേതായിരുന്നു. ഈ ഉറുഗ്വേക്കാരന്റെ ചിറകിലേറിയാണ് അത്ലറ്റികോ മാഡ്രിഡ് സ്പാനിഷ് കിരീടത്തിൽ മുത്തമിട്ടത്. അവസാന രണ്ട് മത്സരങ്ങളിൽ നേടിയ ഗോളുകൾ അത്ലറ്റികോയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി.
റയൽ മാഡ്രിഡിനെയും ബാഴ്സയെയും മറികടന്നാണ് ദ്യേഗോ സിമിയോണിയുടെ സംഘം കിരീടം ചൂടിയത്. തരംതാഴ്ത്തപ്പെട്ട റയൽ വല്ലാഡോളിഡിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം 2‐1ന്റെ വിജയം. ഏഞ്ചൽ കൊറിയയുടെ ഗോളിൽ സമനില പിടിച്ച അത്ലറ്റികോ സുവാരസിന്റെ മിന്നുംഗോളിൽ ജയവും കിരീടവും ഉറപ്പിച്ചു. ലീഗിലെ അവസാന ദിനം സംഭവബഹുലമായിരുന്നു. വല്ലാഡോളിഡിനെതിരെ ഇറങ്ങുമ്പോൾ രണ്ടാമതുള്ള റയലിനെക്കാൾ രണ്ട് പോയിന്റ് മാത്രം അത്ലറ്റികോ മുന്നിൽ. സമനിലയോ തോൽവിയോ അത്ലറ്റികോയുടെ വഴിയടയ്ക്കും. റയലിന് വിയ്യാറയൽ ആയിരുന്നു എതിരാളികൾ.
കളിയുടെ ആദ്യ ഘട്ടത്തിൽ അത്ലറ്റികോയും റയലും ഒരു ഗോളിന് പിന്നിൽ. രണ്ടാം പകുതിയിൽ അത്ലറ്റികോ തിരിച്ചുവന്നു.എന്നാൽ റയൽ അപ്പോഴും ഒരു ഗോളിന് പിന്നിൽ. എന്നാൽ അവസാന ഘട്ടത്തിൽ കരിം ബെൻസെമയും ലൂക്കാ മോഡ്രിച്ചും ജ്വലിച്ചപ്പോൾ റയലിന്റെ പ്രതീക്ഷയേറി. 2‐1ന് മുന്നിൽ. അത്ലറ്റികോ ഒരു ഗോൾ വഴങ്ങിയാൽ റയലിന് കിരീടം ലഭിക്കുന്ന അവസ്ഥ. എന്നാൽ വല്ലാ ഡോളിഡിന്റെ പോരാട്ട വീര്യത്തെ അത്ലറ്റികോ ചെറുത്തുനിന്നു. സീസണിൽ 21 ഗോളുമായി കളംനിറഞ്ഞ സുവാരസാണ് അത്ലറ്റികോയുടെ താരം. എന്നെ വിശ്വസിച്ചതിന് നന്ദി എന്നായിരുന്നു സുവാരസിന്റെ പ്രതികരണം. ‘അത്ലറ്റികോ എനിക്ക് നൽകിയ അവസരങ്ങൾക്ക് നന്ദി. ഈ ഘട്ടത്തിലും എനിക്ക് പ്രചോദനമായത് ക്ലബിന്റെ പിന്തുണയാണ്. എന്നെ വിശ്വസിച്ചതിന് അവരോട് കടപ്പെട്ടിരിക്കുന്നു. എന്റെ ഭാര്യയും കുട്ടികളും ഏറെ സഹിച്ചു. അവർക്ക് കൂടിയാണ് ഈ കിരീടം‐ സുവാരസ് പറഞ്ഞു. ലയണൽ മെസിയുടെ അഭാവത്തിൽ ഇറങ്ങിയ ബാഴ്സ ഒരു ഗോളിന് ഐബറിനെ കീഴടക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി.