തിരുവനന്തപുരം > ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്യുന്നതിന് പകരം വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പിനുള്ള മുസ്ലിംലീഗ് നീക്കം അപലപനീയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. ന്യൂനപക്ഷക്ഷേമ വകുപ്പ് ആർക്കോ കൊടുത്തശേഷം തിരിച്ചെടുത്തുവെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്തുതാവിരുദ്ധമാണ്.
മുഖ്യമന്ത്രിയുടെ ശുപാർശ അനുസരിച്ചാണ് വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവർണർ പുറപ്പെടുവിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൂടുതൽ ഗുണമാകുമെന്നാണ് വിലയിരുത്തൽ. മുസ്ലിം സമുദായത്തിന് എൽഡിഎഫിലും സർക്കാരിലും കൂടുതൽ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. ഇതാണ് ലീഗിനെ വിറളി പിടിപ്പിക്കുന്നത്.
മുസ്ലിം സമുദായത്തെ വഞ്ചിച്ച പാരമ്പര്യമാണ് എക്കാലത്തും ലീഗ് നേതൃത്വത്തിനുള്ളത്. കേന്ദ്ര മോഡി സർക്കാർ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോൾ അതിനെ ശക്തമായി ചെറുക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിന് ശക്തിപകരാതെ മറിച്ച് പ്രചാരണം നടത്തുന്നത് ആരും അംഗീകരിക്കില്ലെന്ന് എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.