ബുധനാഴ്‌ച വൈകീട്ട് ചുഴലിക്കാറ്റ് ബംഗാളിനും ഒഡീഷയുടെ വടക്കൻ തീരത്തിനുമിടെ കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
യാസിൻ്റെ വരവ് കേരളത്തിലെ കാലവർഷം വേഗത്തിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കാലവർഷം എത്തിയ തെക്കുകിഴക്കൻ – മധ്യ കിഴക്കൻ ബംഗൾ ഉൾക്കടലിലും ആൻഡമാൻ – നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും യാസിൻ്റെ തിരിച്ചടികൾ ഉണ്ടാകാം. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോയവരോട് മടങ്ങിയെത്താനും നിർദേശം നൽകി.
കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തൽ ഉള്ളതിനാൽ ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിച്ചു. കാലാവസ്ഥ മോശമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പത്ത് സ്‌പെഷൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിരവധി ട്രെയിനുകളും റദ്ദാക്കി. യാസ് ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നിലവിലുണ്ട്.
കിഴക്കൻ തീരങ്ങളായ ആന്ധ്രാ പ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഒഡീഷയിലെ 30 ജില്ലകളിൽ 14 ഇടത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.