കോഴിക്കോട്
മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ബേജാറ് പിടിച്ച് മുസ്ലിംലീഗ്. ഇതോടെ ചില സമുദായ സംഘടനകളെ ഇളക്കി സംഭവം വിവാദമാക്കാനാകുമോ എന്നാണ് ലീഗുകാർ ശ്രമിക്കുന്നത്. ക്രൈസ്തവ വിഭാഗം അടക്കമുള്ളവർക്കെതിരെ ദുഷ്പ്രചാരണം അഴിച്ചുവിട്ടാണ് ഈ നീക്കം. ലീഗ് നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സംഭവത്തെ വിമർശിച്ചെത്തിയതും ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്ക് കീഴിൽ വകുപ്പ് കൂടുതൽ ഊർജസ്വലമാകുമെന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്. ഇതോടെ ലീഗിന്റെ സമുദായവഞ്ചന ജനം തിരിച്ചറിയുമെന്നതും ഇവരെ അലട്ടുന്നുണ്ട്.
എന്നാൽ, ന്യൂനപക്ഷത്തിന്റെ അട്ടിപ്പേറ് നടിച്ചുള്ള ലീഗിന്റെ ഈ വർഗീയക്കളി സമുദായ സംഘടനകൾ ഏറ്റെടുത്തിട്ടില്ല. പൗരത്വ ഭേദഗതി നിയമമടക്കം സുപ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രിയും എൽഡിഎഫും സ്വീകരിച്ച നിലപാടിനൊപ്പമായിരുന്നു സമുദായ സംഘടനകൾ. ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി പിണറായി വിജയൻ വന്നതോടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും പരിഹരിക്കാനുമുള്ള സാധ്യത വർധിച്ചതായാണ് ഇവർ വിലയിരുത്തുന്നത്.
സമസ്തയും ലീഗിനെ തള്ളി
ന്യൂനപക്ഷവകുപ്പ് ഇച്ഛാശക്തിയോടെ കൈകാര്യംചെയ്യാൻ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം). വകുപ്പുകൾ തീരുമാനിക്കാനുള്ള അധികാരം സർക്കാരിന് നേതൃത്വം നൽകുന്നവർക്കാണെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിഷയം വർഗീയവൽക്കരിക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിന് തിരിച്ചടിയാണ് സമസ്തയുടെ നിലപാട്. ഇത്തരം രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഇത്തരം വിവാദങ്ങളിൽ സമസ്തയ്ക്ക് ബന്ധമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാൽ അപ്പോൾ പ്രതികരിക്കും. സമുദായങ്ങളെ അകറ്റാൻ കാരണമാകുന്ന സാഹചര്യം ഉണ്ടാകരുത്. മുസ്ലിംസമുദായം അന്യായമായി പലതും കരസ്ഥമാക്കിയെന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തിൽ സർക്കാർ വസ്തുത വിശദീകരിക്കുന്നത് ഉചിതമാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.