തിരുവനന്തപുരം
കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കൂടുതൽ മികച്ച പ്രതിരോധ നടപടികൾ സർക്കാർ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാൽ, ഉച്ചസ്ഥായി പിന്നിട്ടതിനു ശേഷമാണ് ഗുരുതരാവസ്ഥയും മരണങ്ങളും വർധിക്കുന്നത്. ഈ ഘട്ടത്തെ നേരിടാനുള്ള ഒരുക്കങ്ങൾ കലക്ടർമാരുടെ നേതൃത്വത്തിൽ ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാക്സിനെ
അതിജീവിക്കുന്ന
മൂന്നാം തരംഗം
വാക്സിനെ അതിജീവിക്കാൻ ശേഷിനേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക എന്നാണ് വിലയിരുത്തൽ. ഒരു ഡോസാണെങ്കിലും വാക്സിൻ എടുത്തവർക്ക് സുരക്ഷിതത്വമുണ്ട്. എന്നാൽ, ഇവരും രോഗവാഹകരാകാം. വാക്സിൻ എടുത്തവർക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങൾ ഉള്ളതിനാലാണ്. അവർ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. വൃദ്ധസദനങ്ങളിൽ വിവിധ രോഗങ്ങൾ ഉള്ളവരുടെ പ്രശ്നങ്ങളറിയാൻ കൃത്യമായ പരിശോധന നടത്തും. ആദിവാസി ഊരുകളിലും ഇത്തരത്തിൽ പരിശോധന നടത്തും. ചില മത്സ്യ–-പച്ചക്കറി മാർക്കറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി പരിശോധിച്ച് നിയന്ത്രണ വിധേയമാക്കാൻ പൊലീസും സെക്ടറൽ മജിസ്ട്രേട്ടുമാരും ഇടപെടണം.
മരുന്ന് ഡോക്ടർമാരുടെ
നിർദേശപ്രകാരം
മാത്രം
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് രോഗികൾ ഡോക്ടർമാരുടെ നിർദേശപ്രകാരമേ മരുന്ന് കഴിക്കാവൂ. സ്വയം ചികിത്സിക്കുന്നതും വ്യാജ ചികിത്സകരുടെ ഉപദേശം തേടുന്നതും ഒഴിവാക്കണം. പ്രമേഹരോഗികളും മറ്റു ഗുരുതര രോഗാവസ്ഥയുള്ളവരും ഇക്കാര്യം വളരെ കർശനമായി പാലിക്കണം.
ജനങ്ങളുടെ പരിപൂർണ പിന്തുണയാണ് രണ്ടാം തരംഗത്തെ പിടിച്ചുനിർത്താൻ സഹായിച്ച പ്രധാന ഘടകം. ഈ ജാഗ്രത കുറച്ചുനാളുകൾകൂടി കർശനമായി തുടരേണ്ടതുണ്ട്. അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സർക്കാരിനൊപ്പം നിന്ന ജനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ബ്ലാക്ക് ഫംഗസ്: മെഡിക്കല്
ഓഡിറ്റ് നടത്തും
ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരുന്ന് ലഭ്യത ഉറപ്പുവരുത്തും. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ വില കൂടിയതാണെങ്കിൽപ്പോലും കൊടുക്കാൻ നിർദേശം നൽകി. രോഗവുമായി ബന്ധപ്പെട്ട അശാസ്ത്രീയ ആശങ്കകൾക്ക് ഒരു അടിസ്ഥാനവുമില്ല. വളരെ ചുരുക്കം ആളുകളിൽമാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്. ഗുരുതര പ്രമേഹരോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. പ്രമേഹം നിയന്ത്രണവിധേയമായി നിലനിർത്താൻ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.