മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ നിന്നും അടുത്തയാഴ്‌ച പട്ടിക കേന്ദ്രത്തിന് അയക്കും. ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി, അരുൺ കുമാർ സിൻഹ, സുധേഷ് കുമാർ, ബി സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, ആനന്ത കൃഷ്‌ണൻ, കെ പത്മകുമാർ, ഷെയ്‌ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര, റാവാഡ ചന്ദ്രശേഖർ, സഞ്ചിവ് കുമാർ, പട് ജോഷി എന്നിവരാണ് പട്ടികയിലുള്ളത്.
നിലവിലെ സാഹചര്യത്തിൽ കേരളത്തിലേക്ക് ഇല്ലെന്ന് പട്ടികയിലുള്ള എഡിജിപിമാരായ റവദ ചന്ദ്രശേഖർ, ഹരിനാഥ് മിശ്ര എന്നിവർ കേന്ദ്രത്തെ കത്തിലൂടെ അറിയിച്ചു. എസ്‌പിജി ഡയറക്‌ടറായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺ കുമാർ സിൻഹയും കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കുറവാണ്.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ് സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുക. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് മൂന്ന് പേരുടെ പട്ടിക യുപിഎസ്‌സി സംസ്ഥാനത്തിന് കൈമാറും. ഇതിൽ നിന്നാകും പുതിയ പോലീസ് മേധാവിയെ കണ്ടെത്തുക. യുപിഎസ്‌സി നൽകുന്ന പട്ടികയിൽ സംസ്ഥാനങ്ങൾക്ക് മാറ്റം വരുത്താൻ കഴിയില്ല എന്ന പ്രത്യേകതയുമുണ്ട്. അതേസമയം, ഡിജിപിമാരെ നിയമിച്ച ശേഷം ചില സംസ്ഥാനങ്ങൾ പട്ടിക കേന്ദ്രത്തിന് കൈമാറിയിരുന്നു.
ഇടത് സർക്കാരുമായി അടുത്ത് നിൽക്കുന്ന ടോമിൻ തച്ചങ്കരിക്ക് തിരിച്ചടിയാകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസാണ്. മകൾക്കെതിരായ കേസ് സുധേഷ് കുമാറിൻ്റെ സാധ്യതകളും ഇല്ലാതാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡിജിപി സ്ഥാനത്തേക്ക് ഋഷിരാജ് സിങ്, ബി സന്ധ്യ എന്നിവരുടെ സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല.