മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ശനിയാഴ്‌ച രാവിലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മെയ് 23ഓടു കൂടി അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂനമർദ്ദം തിങ്കളാഴ്‌ചയോടെ (24/05/2021) യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. പലയിടത്തും മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തൽ ഉള്ളതിനാൽ ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിച്ചു. കാലാവസ്ഥ മോശമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പത്ത് സ്‌പെഷൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിരവധി ട്രെയിനുകളും റദ്ദാക്കി. യാസ് ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നിലവിലുണ്ട്.
നിലവിൽ വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26നു രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷ തീരത്തിനുമിടയിൽ എത്തിച്ചേരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ കിഴക്കൻ തീരങ്ങളായ ആന്ധ്രാ പ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഒഡീഷയിലെ 30 ജില്ലകളിൽ 14 ഇടത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും സഹായം ആവശ്യപ്പെട്ടിടുണ്ട്.