ന്യൂഡൽഹി
കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചതിന് ആറു മാസം തികയുന്ന 26ന് സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ രാജ്യവ്യാപകമായി കരിദിനം ആചരിക്കും. വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും മറ്റും കറുത്ത കൊടി ഉയർത്തി പ്രതിഷേധമുയര്ത്താന് നേതാക്കള് അഭ്യര്ഥിച്ചു. കോവിഡ് മുന്കരുതലുകള് പാലിച്ചാകും കരിദിനാചരണം.
മൂന്ന് കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, 600 രൂപ വേതനത്തിൽ 200 ദിവസം തൊഴിലുറപ്പുജോലി നൽകുക, നഗരങ്ങളിലും പദ്ധതി നടപ്പാക്കുക, എല്ലാവർക്കും സൗജന്യ വാക്സിൻ തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം.
കോവിഡ് പരിശോധനയും മരുന്നും സൗജന്യമാക്കുക, ഓരോ അംഗത്തിനും 10 കിലോ ഭക്ഷ്യധാന്യം സഹിതം എല്ലാ കുടുംബത്തിനും പ്രതിമാസം റേഷൻ കിറ്റ് നൽകുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക, അതിഥിത്തൊഴിലാളികൾക്ക് സൗജന്യയാത്രാസൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളും ഉയർത്തും. ഹനൻ മൊള്ള (അഖിലേന്ത്യ കിസാൻസഭ), അതുൽകുമാർ അൻജൻ (അഖിലേന്ത്യ കിസാൻസഭ–-അജയ് ഭവൻ), രാജാറാം സിങ് (എഐകെഎം), ബി വെങ്കട് (അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ), ജി എസ് ഗൊരിയ (ബികെഎംയു), ഡി കെ ഝാ (എഐഎആർഎൽഎ) എന്നിവരാണ് സമരതീരുമാനം അറിയിച്ചത്.