കൊച്ചി
ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ എണ്ണം അഞ്ചുവർഷത്തിനകം മൂന്നുലക്ഷമായി ഉയർത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഈ മേഖലയിൽ ആറുലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കും. കോവിഡുകാലം കണക്കിലെടുത്ത് ഈ മേഖലയ്ക്ക് എങ്ങനെ ഉത്തേജനം നൽകാൻ കഴിയുമെന്നത് പരിശോധിക്കും. ഇതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ വ്യവസായവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റർപ്ലാൻ തയ്യാറാക്കും. കെൽട്രോണിനെ പ്രധാനമായി സ്ഥാപനമാക്കും. അതിന്റെ പ്രാഥമിക പരിശോധനയ്ക്കായി ബുധനാഴ്ച യോഗം ചേരും. എറണാകുളത്തെ പെട്രോ കെമിക്കൽ പ്രോജക്ട് സമയബന്ധിതമായി പൂർത്തിയാക്കും. ചൊവ്വാഴ്ച അതിനുള്ള അവലോകനയോഗം ചേരും.
കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴി പൂർത്തീകരണം പരിഗണനയിലാണ്. മുഖ്യമന്ത്രിതന്നെ പ്രത്യേകം താൽപ്പര്യമെടുത്ത് പദ്ധതി പൂർത്തീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിന്റെ പ്രത്യേക യോഗവും ഉടൻ ചേരും. വ്യവസായങ്ങൾക്ക് ഏതെങ്കിലും തരത്തിൽ അനുമതി വൈകുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ സ്റ്റാറ്റ്യൂട്ടറി സംവിധാനം രൂപീകരിക്കും. അതിന് നിയമനിർമാണം നടത്തും. ഒരുവർഷത്തിനകം നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ കേരളത്തെ പത്താം സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ എല്ലായിടത്തും വികസനം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
ചെല്ലാനത്തിനായി
നാളെ യോഗം
ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഫിഷറീസ് മന്ത്രിയും ജലസേചനമന്ത്രിയും യോഗത്തിൽ പങ്കെടുക്കും. ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേരുന്നതെന്നും രാജീവ് പറഞ്ഞു.