സൂറിച്ച്
ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷത്തിലൊരു തവണ നടത്താനുള്ള നിർദേശം ഫിഫ ഗൗരവപൂർവം പരിഗണിക്കുന്നു. നിലവിൽ നാല് വർഷം കൂടുമ്പോഴാണ് ലോകകപ്പ് നടത്തുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ കാലോചിതമായി മാറണമെന്നാണ് ഭൂരിപക്ഷം രാജ്യങ്ങളുടെയും ആവശ്യം. പുരുഷ‐വനിതാ ലോകകപ്പുകൾക്ക് രണ്ട് വർഷത്തെ ഇടവേള മതിയെന്ന് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനാണ് നിർദേശം വച്ചത്. ഫിഫ വാർഷിക യോഗത്തിൽ ഈ നിർദേശത്തിന് പിന്തുണ ലഭിക്കുകയും ചെയ്തു.
യോഗ്യതാ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പഠിക്കാനൊരുങ്ങുകയാണ് ഫിഫ.
പുതിയ നിർദേശത്തിന് 166 ദേശീയ ഫെഡറേഷനുകളുടെ പിന്തുണ ലഭിച്ചു. 22 ഫെഡറേഷനുകൾ എതിർത്തു
1930 മുതൽ ആരംഭിച്ച ലോകകപ്പിൽ ഇതുവരെ നാല് വർഷമാണ് ഇടവേള. 1942, 1946 വർഷങ്ങളിൽ ലോക മഹായുദ്ധങ്ങൾ കാരണം നടന്നില്ല. വനിതാ ലോകകപ്പ് 1991 മുതലാണ് നടന്നത്.
2018ലായിരുന്നു അവസാന ലോകകപ്പ്. ഫ്രാൻസ് ചാമ്പ്യൻമാരായി. അടുത്ത വർഷം ഖത്തറിലാണ് ഇനി ലോകകപ്പ്. വനിതകളിൽ 2019ൽ നടന്ന ടൂർണമെന്റിൽ അമേരിക്ക ചാമ്പ്യൻമാരായി.ലോകകപ്പിന്റെ മാറ്റം യൂറോ കപ്പ് പോലുള്ള മറ്റ് പ്രധാന ചാമ്പ്യൻഷിപ്പുകളെയും ബാധിക്കും. യൂറോ കപ്പും നാല് വർഷം കൂടുമ്പോഴാണ് നടക്കുന്നത്.