ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന റൗണ്ട് മത്സരങ്ങൾ ഇന്ന്.അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പോരാട്ടങ്ങളാണ് ശ്രദ്ധേയം. രണ്ട് സ്ഥാനത്തിനായി മൂന്ന് ടീമുകൾ പോരടിക്കുന്നു. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി (83പോയിന്റ്), രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് (71) ടീമുകൾ യോഗ്യത നേടി. ചെൽസി (67), ലിവർപൂൾ (66), ലെസ്റ്റർ സിറ്റി (66) ടീമുകളാണ് ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് കണ്ണയക്കുന്നത്. ചെൽസിക്കും ലിവർപൂളിനും ഇന്ന് ജയിക്കാനായാൽ യോഗ്യത നേടാം. ഗോൾ വ്യത്യാസത്തിൽ ലിവർപൂളിന് പിന്നിലുള്ള ലെസ്റ്ററിന് ഇന്ന് വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ പ്രതീക്ഷയുള്ളൂ.
ചാമ്പ്യൻസ് ലീഗ്, യൂറോപ ജേതാക്കൾക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നതിനാൽ ആ സാധ്യതയും സജീവമായുണ്ട്. ചാമ്പ്യൻസ് ലീഗിൽ സിറ്റി‐ചെൽസി പോരാട്ടമാണ്. യൂറോപയിൽ യുണൈറ്റഡും ഫൈനലിൽ കടന്നിട്ടുണ്ട്. എന്നാൽ സിറ്റിയും യുണൈറ്റഡും യഥാക്രമം ചാമ്പ്യൻമാരായാൽ നിലവിലുള്ള സ്ഥിതി തുടരും. ചെൽസി ചാമ്പ്യൻസ് ലീഗ് ജയിച്ചാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ച് ടീമുകൾക്ക് യോഗ്യത കിട്ടാനുള്ള സാധ്യതയുണ്ട്.
ചെൽസി
67 പോയിന്റുള്ള ചെൽസിക്ക് ഇന്ന് ആസ്റ്റൺ വില്ലയെ കീഴടക്കിയാൽ 70 പോയിന്റുമായി മൂന്നാം സ്ഥാനം നേടാം. അവസാന മത്സരത്തിൽ ലെസ്റ്ററിനെ തോൽപ്പിച്ചതാണ് തോമസ് ടുഷെലിന്റെ സംഘത്തിനെ മുന്നിലെത്തിച്ചത്. വില്ലയുടെ തട്ടകത്തിലാണ് കളി. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത സംഘമാണ്. കഴിഞ്ഞ മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനെ വില്ല തകർത്തിരുന്നു. ഇന്ന് തോറ്റാൽ ചെൽസിക്ക് ലിവർപൂൾ, ലെസ്റ്റർ ടീമുകളുടെ മത്സര ഫലത്തിനായി കാത്തിരിക്കേണ്ടിവരും.
ലിവർപൂൾ
66 പോയിന്റുള്ള ലിവർപൂളിന് സ്വന്തം തട്ടകത്തിൽ ക്രിസ്റ്റൽ പാലസ് ആണ് എതിരാളികൾ. അനായാസം ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് യുർഗൻ ക്ലോപ്പും സംഘവും. ലെസ്റ്ററുമായി നാല് ഗോൾ വ്യത്യാസമാണ് ലിവർപൂളിന്.പത്ത് മത്സരങ്ങൾക്ക് മുമ്പ് ലെസ്റ്ററിനെക്കാൾ പത്ത് പോയിന്റ് പിന്നിലായിരുന്നു ലിവർപൂൾ. ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തി.
ലെസ്റ്റർ
അവസാന മത്സരത്തിൽ ചെൽസിയോട് തോറ്റതാണ് ലെസ്റ്ററിന് തിരിച്ചടിയായത്. ഇന്ന് ടോട്ടനമാണ് എതിരാളികൾ. ജയിച്ചാലും ആദ്യ നാല് ഉറപ്പില്ല. ലിവർപൂൾ പാലസിനെ ഒരുഗോളിന് കീഴടക്കിയാൽ ലെസ്റ്ററിന് ടോട്ടനത്തിനെതിരെ അഞ്ച് ഗോൾ ജയമെങ്കിലും വേണ്ടിവരും. യൂറോപ ലീഗ് യോഗ്യതയ്ക്കായി വെസ്റ്റ്ഹാം യുണൈറ്റഡ്, ടോട്ടനം, എവർട്ടൺ ടീമുകളാണ് രംഗത്ത്.