തിരുവനന്തപുരം> ആഴ്ചകൾ നീണ്ട തർക്കങ്ങൾക്കിടയിൽ പ്രതിപക്ഷ നേതൃസ്ഥാനം വി ഡി സതീശന് . ആദ്യനിയമസഭാ സമ്മേളനം 24ന് തുടങ്ങാനിരിക്കെ വി ഡി സതീശനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.
നേതൃത്വത്തിൽ തലമുറമാറ്റം വേണമെന്ന ആവശ്യമാണ് രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശന് അനുകൂലമായത്. രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായതായി പറയുന്നു. യുവ എംഎൽഎമാരുടെ നിലപാട് കാണാതെ പോകരുതെന്നും ഇപ്പോൾ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവുമെന്നാണ് രാഹുൽഗാന്ധിയുടെ നിലപാട്. ഭൂരിപക്ഷം എംഎൽഎമാരും വി ഡി സതീശന് അനുകൂലമാണ്.
അതേസമയം രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മൻചാണ്ടിയും മുതിർന്ന കോൺഗ്രസ് ദേശീയ നേതാക്കളും സമ്മർദം ചെലുത്തിയിരുന്നു. മുൻമന്ത്രി പി ചിദംബരം, കെ കമൽനാഥ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയ്ക്കായി രംഗത്തുവന്നിരുന്നു. എ കെ ആന്റണി അടക്കമുള്ളവരെ ഫോണിൽ വിളിച്ച് ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്കായി വാദിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് വി ഡി സതീശനെ പ്രഖ്യാപിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ടി തോമസ്, ഹൈബി ഈഡൻ എം പി, മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ വി ഡി സതീശൻ പ്രതിപക്ഷ നേതാവായതിൽ സന്തോഷമറിയിച്ചു