കൊച്ചി> പ്രതിപക്ഷത്തിന്റെ സർക്കാരിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തുമെന്നും കോവിഡ് മഹാമാരി നേരിടുന്നതിൽ സർക്കാരിന്റെ കൂടെ നിൽക്കുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ജനങ്ങൾ ഭരിക്കാൻ തെരഞ്ഞെടുത്ത സർക്കാരിനെ ഭരിക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കില്ല. പ്രളയങ്ങളുടെ ദുരിതശേഷം ഇപ്പോൾ കോവിഡ് മഹാമാരി നേരിടാൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർക്കാരിനു പിന്തുണ നൽകും.
ആരോഗ്യം , വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ സർക്കാരുമായി ഏറ്റുമുട്ടാൻ തയ്യറാകില്ല- ഹൈക്കമാൻഡ് തീരുമാനം വന്നയുടൻ എറണാകുളം ഡിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശൻ നയം മാറ്റം പ്രഖ്യാപിച്ചത്.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ എതിർക്കുന്ന സമീപനമാകും തന്റെ നേതൃത്വത്തിൽ സ്വീകരിക്കുകയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
സർക്കാരിനോടുള്ള സമീപനത്തിൽ രമേശ് ചെന്നിത്തലയുടെ നിലപാട് തെറ്റായിരുന്നു എന്നല്ലേ ഇതിനർഥം എന്ന വാർത്താലേഖകരുടെ ചോദ്യത്തിന് ആ ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഓരോ കാലത്തും ഓരോ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷം ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കാലം ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാകണം.
ഈ പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടമല്ല. 1967 ലെ കനത്ത പരാജയത്തിനു സമാനമായ കനത്ത പരാജയമാണ് കോൺഗ്രസിനുണ്ടായത്. അതിൽ നിന്നു തിരിച്ചു കയറാൻ കഴിയണം. തമ്മിലടിച്ചു നിൽക്കുകയല്ല; ജനങ്ങൾക്കൊപ്പമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. പരാജയ കാരണങ്ങൾ കോൺഗ്രസ് പരിശോധിച്ചിട്ടില്ല. അശോക് ചവാൻ കമ്മിറ്റി വന്നശേഷം അക്കാര്യം പരിശോധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.