തിരൂർ> ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിലൂടെ മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കും ഇതിലൂടെ ലഭിക്കുകയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മന്ത്രിയായ ശേഷം ജൻമനാടായ തിരൂരിലെത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി വി അബ്ദുറഹിമാൻ.
ന്യൂനപക്ഷ വകുപ്പ് തനിക്കാണെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ചീഫ് സെക്രട്ടറി തനിക്ക് നൽകിയ ലിസ്റ്റിൽ ഈ വകുപ്പ് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഈ വകുപ്പ് മാറ്റിയെന്ന് സംശയമുന്നയിക്കുന്നവർ രാഷ്ടീയ ലാഭമാണ് കാണുന്നത്.
കേരള മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്തതിലുടെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് എറ്റവും നല്ലൊരു കാര്യമാണ് ലഭിക്കുകയെന്നും വി അബ്ദുറഹിമാൻ പറഞ്ഞു.
വെളളിയാഴ്ച രാത്രി11.20 ന് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് മന്ത്രി വി. അബ്ദുറഹിമാൻ തിരൂർ പൊനൂരിലെ വീട്ടിലെത്തിയത്. മന്ത്രിയെ സ്വീകരിക്കാനായി കുടുംബങ്ങളും നാട്ടുകാരും കാത്തു നിന്നിരുന്നു. പടക്കം പൊട്ടിച്ച് പ്രവർത്തകർ മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
വളർന്നുവരുന്ന പ്രതിഭകളെകണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായിരിക്കും കായിക മന്ത്രിയെന്ന നിലയിൽ പരിശ്രമിക്കുക. റെയിൽവേയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യേണ്ടതുണ്ട്. മണ്ഡലത്തിൽ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.