തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് പദവിക്കായി വടംവലി നീളുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി കടുത്ത സമ്മർദ്ദവുമായി ഉമ്മൻചാണ്ടിയും കോൺഗ്രസ് ദേശീയ നേതാക്കളും. ചെന്നിത്തലയെ നീക്കിയാൽ മുസ്ലിംലീഗ് പിണങ്ങുമെന്ന് ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചു. മുൻമന്ത്രി പി ചിദംബരം, കെ കമൽനാഥ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയ്ക്കായി രംഗത്തുവന്നു. അതിനിടെ ഹൈക്കമാൻഡ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും ചെന്നിത്തലയ്ക്കെതിരായി. ചെന്നിത്തലയുടെ വിശ്വാസ്യതയിൽ വി ഡി സതീശനെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം എംഎൽഎമാരും സംശയം പ്രകടിപ്പിച്ചെന്നാണ് സോണിയഗാന്ധിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. സർക്കാരിനെതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം പാളി. അവയെല്ലാം വിശ്വാസയോഗ്യമായി തോന്നിയില്ലെന്നും ഈ എംഎൽഎമാർ നിരീക്ഷകസമിതിയെ അറിയിച്ചു.
ഇതിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ കൂടിയാലോചന നടത്തി. തുടർന്നാണ് ഉമ്മൻചാണ്ടി ഹൈക്കമാൻഡുമായി ബന്ധപ്പെട്ട് ചെന്നിത്തലയെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ വികാരം മാനിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്നും ഉമ്മൻചാണ്ടി അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം എംഎൽഎമാർ ഒരുവശത്തും ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ മറുഭാഗത്തും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ദേശീയ നേതാക്കളും ചെന്നിത്തലയ്ക്കായി സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും സമീപിച്ചതോടെ നേതൃത്വം വെട്ടിലായി.
എ കെ ആന്റണി അടക്കമുള്ളവരെ ഫോണിൽ വിളിച്ച് ഉമ്മൻചാണ്ടി ചെന്നിത്തലയ്ക്കായി അതിശക്തമായി വാദിച്ചു. ഇതോടെ ഭൂരിപക്ഷ പിന്തുണ മാത്രം കണക്കിലെടുത്ത് പ്രഖ്യാപനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ഹൈക്കമാൻഡ്. ചെന്നിത്തലയെയും വി ഡി സതീശനെയും മാറ്റി മൂന്നാമതൊരാളെ പരിഗണിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.