കൊച്ചി
ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജതെളിവുണ്ടാക്കാൻ ശ്രമിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കേസെടുത്തു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട ഡോളർ കടത്തുകേസിൽ ഇഡി വ്യാജതെളിവുണ്ടാക്കാൻ ശ്രമിച്ചതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് കോടതി ഉപകേസ് എടുത്തത്. കേസിൽ എതിർകക്ഷികളോട് വിശദീകരണം തേടും. കേസ് 27ന് വീണ്ടും പരിഗണിക്കും.
ഡോളർ കടത്തുകേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ പരാതിയും ക്രിമിനൽ നടപടിക്രമം 161 പ്രകാരം എടുത്ത മൊഴിയുമാണ് ഹൈക്കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് മുദ്രവച്ച കവറിൽ കോടതിക്ക് സമർപ്പിച്ചത്. ഇതു പരിശോധിച്ചാണ് കോടതി നടപടി. ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജതെളിവുണ്ടാക്കി എന്ന ക്രൈംബ്രാഞ്ച് കേസിൽ കഴമ്പുണ്ടെന്നാണ് കോടതി സ്വീകരിച്ച തുടർനടപടികളിലൂടെ വ്യക്തമാകുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചതിന് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടു കേസുകളെടുത്തിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെയും അവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ പൊലീസിന്റെ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു ആദ്യ കേസ്. മറ്റൊന്ന്, കേസിലെ നാലാംപ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലും. പ്രതികളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ വ്യാജതെളിവുണ്ടാക്കാൻ ശ്രമിച്ചെന്നായിരുന്നു കേസുകൾ. ഇഡിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ രണ്ടു കേസുകളും ഹൈക്കോടതി തള്ളിയെങ്കിലും സന്ദീപ് നായരുടെ മൊഴി പ്രകാരമുള്ള കേസ് ബന്ധപ്പെട്ട കോടതി പരിശോധനയ്ക്കാൻ നിർദേശിച്ചു. അന്വേഷണം നടത്തണോ എന്ന് ബന്ധപ്പെട്ട കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കാനും നിർദേശിച്ചു.