തിരുവനന്തപുരം
കോവിഡ് വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ കേരളത്തിൽ സംവിധാനം ഒരുക്കാൻ സർക്കാർ ആലോചന. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ക്യാമ്പസിൽ വാക്സിൻ കമ്പനികളുടെ ശാഖകൾ ആരംഭിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിനായി വാക്സിൻ ഉൽപ്പാദകമേഖലയിലെ വിദഗ്ധരുമായി സർക്കാർ ചർച്ച ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിൻക്ഷാമം പരിഹരിക്കാനാണ് ഈ നടപടി.
ഈ മേഖലയിലെ വിദഗ്ധർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ശാസ്ത്രജ്ഞർ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാർ നടത്തി ഇതിൽ ധാരണയിലെത്തും.
കോവിഡ് മരുന്ന് ജൂണിലെത്തും
മെഡിസിൻ ആൻഡ് അലൈഡ് സയൻസസിലെ ശാസ്ത്രജ്ഞർ കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ച മരുന്ന് 50,000 ഡോസിനായി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഓർഡർ നൽകി. ഇവ ജൂണിൽ കിട്ടുമെന്നാണ് പ്രതീക്ഷ. ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിജൻ ആശ്രയത്വം കുറയ്ക്കാൻ മരുന്ന് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.