തിരുവനന്തപുരം
വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശത്ത് പോകുന്നവർക്ക് ആവശ്യപ്പെട്ടാൽ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർത്തുനൽകും.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീൽഡ് ജീവനക്കാരെയും തുറമുഖ ജീവനക്കാരെയും വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും. മെഡിക്കൽ സ്റ്റോറുകളിലെ ഫാർമസിസ്റ്റുകൾക്കും വാക്സിൻ നൽകാൻ മുൻഗണനാ പട്ടികയിൽപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
● എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. അവശ്യ സാധനങ്ങൾക്കുവേണ്ടി ആദിവാസികൾ പുറത്തുപോകുന്നത് ഈ ഘട്ടത്തിൽ പ്രശ്നമാകും.
● -അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യ സർവീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കും.
● കൃഷിക്കാർക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈയിൽ സൂക്ഷിക്കണം.