കോഴിക്കോട്
രാജ്യത്ത് അതീവ ജാഗ്രതവേണ്ട രോഗമായി പ്രഖ്യാപിച്ച ബ്ലാക്ക് ഫംഗസ്(മ്യൂകർ മൈക്കോസിസ്) ചികിത്സക്കുള്ള മാർഗരേഖ തയ്യാറാക്കിയവരുടെ സംഘത്തിൽ മലയാളി സാന്നിധ്യം. രോഗ ചികിത്സയ്ക്കായി മാർഗരേഖ തയാറാക്കിയ സർക്കാർ സമിതിയിൽ ഋഷികേശ് എയിംസിലെ യുവഡോക്ടറും നേത്രരോഗ വിദഗ്ധനുമായ അതുൽ എസ് പുത്തലത്തും. ഋഷികേശ് എയിംസിൽ ആവിഷ്കരിച്ച ചികിത്സാരീതിയുടെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലും മാർഗരേഖക്ക് രൂപം നൽകിയത്. രാജ്യത്തെ എല്ലാ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് രോഗികളെ പരിചരിക്കുക ഈ മാർഗനിർദേശാടിസ്ഥാനത്തിലാകും.
നേത്ര രോഗവിദഗ്ധൻ, ഇഎൻടി സ്പെഷലിസ്റ്റ്, ന്യൂറോസർജൻ, ജനറൽ സർജൻ, ഡെന്റൽ മാക്സിലോഫേഷ്യൽ സർജൻ, മെഡിസിൻ ഡോക്ടർ എന്നിവരടങ്ങുന്ന സംഘത്തിനാകും ചികിത്സയുടെ മേൽനോട്ടം.
ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കേണ്ട, ജാഗ്രത മതിയെന്നും ഡോ. അതുൽ പറഞ്ഞു. സാധാരണക്കാരെ അത്രവേഗം ബാധിക്കുന്നതല്ല ഈ രോഗം. കോവിഡ് ബാധിച്ചവർ, പ്രത്യേകിച്ചും പ്രമേഹമുള്ളവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. കോവിഡ്മൂലം പ്രതിരോധശേഷി കുറയുന്നവരിലും രോഗസാധ്യത കുടുതലാണ്. നെഗറ്റീവായവർക്കും ബ്ലാക്ക് ഫംഗസ് കാണപ്പെടുന്നുണ്ടെന്നും അതുൽ ‘ദേശാഭിമാനി’യോട് പറഞ്ഞു.
നാല് വർഷമായി ഋഷികേശ് എയിംസിൽ ജോലിചെയ്യുന്ന സീനിയർ റസിഡന്റായ അതുൽ കോഴിക്കോട്ടെ പുത്തലത്ത് ഐ ഹോസ്പിറ്റലിന്റെ ചെയർമാൻ ഡോ. സുരേഷ് പുത്തലത്തിന്റെയും ഗൈനക്കോളജിസ്റ്റ് ഡോ. ബാല ഗുഹന്റെയും മകനാണ്.