മാഡ്രിഡ്
അത്ലറ്റികോ മാഡ്രിഡിന്റെ സ്വപ്നനേട്ടത്തിലേക്ക് ഒരു ജയം മാത്രം അകലെ. ഇന്ന് റയൽ വല്ലാഡോളിഡിനെ തോൽപ്പിച്ചാൽ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം 2014നു ശേഷം ആദ്യമായി അത്ലറ്റികോയ്ക്ക് സ്വന്തമാക്കാം. ഇന്ത്യൻ സമയം രാത്രി 9.30നാണ് പോരാട്ടം.
രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് അത്ലറ്റികോ. അതിനാൽ വല്ലാഡോളിഡിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും അത്ലറ്റികോയ്ക്ക് മതിയാകില്ല. സമനിലയായാൽ പോലും കിരീടം കൈവിടും. റയലിന് വിയ്യാറയലാണ് എതിരാളികൾ. അത്ലറ്റികോ സമനില വഴങ്ങിയാൽ, റയലിന് വിയ്യാറയലിനെ തോൽപ്പിച്ച് ചാമ്പ്യൻമാരാകാം. പോയിന്റ് നിലയിൽ ഒപ്പമെത്തിയാൽ റയലിനാണ് മുൻതൂക്കം. പരസ്പരമുള്ള കളിയിൽ റയൽ അത്ലറ്റികോയെക്കാൾ മുന്നിലാണ്. കിരീടപ്പോരിൽനിന്ന് പുറത്തായ ബാഴ്സലോണയ്ക്ക് ഐബറാണ് എതിരാളികൾ. ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന സൂചന നൽകിയ ലയണൽ മെസിയുടെ ബാഴ്സ കുപ്പായത്തിലെ അവസാന മത്സരവുമാകും ഇത്.
ഇതിനകം തരംതാഴ്ത്തപ്പെട്ട വല്ലാഡോളിഡിനെതിരെ അത്ലറ്റികോയ്ക്ക് വലിയ ആശങ്കയില്ല. കഴിഞ്ഞ മത്സരത്തിൽ ഒസാസുനയ്ക്കെതിരെ അവസാന നിമിഷം നേടിയ ഗോളിനാണ് ദ്യേഗോ സിമിയോണിയുടെ സംഘം ജയം പിടിച്ചെടുത്ത്, കിരീട പ്രതീക്ഷ സജീവമാക്കിയത്. ലൂയിസ് സുവാരസിന്റെ ഗോളിലായിരുന്നു അത്ലറ്റികോയുടെ മിന്നും ജയം.
ഏഴാം സ്ഥാനത്തുള്ള വിയ്യാറയൽ റയലിന് വെല്ലുവിളി ഉയർത്താൻ കഴിയുന്ന സംഘമാണ്. യൂറോപ ലീഗ് ഫൈനലിൽ എത്തിയിട്ടുള്ള വിയ്യാറയൽ ലീഗിൽ ആദ്യ ആറിൽ ഉൾപ്പെടാനുള്ള ശ്രമത്തിലാണ്.
റയൽ പരിശീലക കുപ്പായത്തിൽ സിനദിൻ സിദാന്റെ അവസാന മത്സരമാകാനും സാധ്യതയുണ്ട്. റയൽ വിടുമെന്ന് സിദാൻ സൂചന നൽകിയിരുന്നു.ബാഴ്സയിൽ പരിശീലകൻ റൊണാൾഡ് കൂമാനും ഇനി ഒരു അവസരം കിട്ടാൻ സാധ്യതയില്ല.