പുതിയ സീസണിൽ മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് കേരള യൂണൈറ്റഡ് എഫ്സി ടീം ക്യാപ്റ്റൻ അർജുൻ ജയരാജ്. കാൽപന്തുകളിയെ ഹൃദയത്തോട് ചേർത്തുവച്ച ഈ മലപ്പുറത്തുകാരൻ ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
കേരള പ്രീമിയർ ലീഗ്(കെപിഎൽ) കഴിഞ്ഞ് ഓഫ് സീസണായതിനാൽ വീട്ടിൽ തന്നെയാണ്. കെപിഎൽ ഏപ്രിൽ ആദ്യം കഴിഞ്ഞു. ഞങ്ങൾ സെമിയിൽ ഗോകുലം കേരള എഫ്സിയോട് തോൽക്കുകയാണ് ചെയ്തത്. എന്നാൽ പുതിയ ടീം എന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. മലപ്പുറം ജില്ലയിലെ എടവണ്ണയാണ് കേരള യൂണൈറ്റഡ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. എറണാകുളത്തായിരുന്നു മത്സരങ്ങൾ. കളിയുള്ള ദിവസങ്ങളിൽ അവിടെ പോയിവരികയായിരുന്നു. ഇതിനിടെ വ്യക്തിപരമായൊരു സന്തോഷം കൂടി ജീവിതത്തിലുണ്ടായി. മഞ്ചേരി എൻഎസ്എസ് കോളേജിൽ ബിഎ ഹിസ്റ്ററി ക്ലാസിൽ സഹപാഠിയായിരുന്ന വർഷ എന്റെ ജീവിതപങ്കാളിയായി. മാർച്ച് 21ന് ആയിരുന്നു വിവാഹം. കെപിഎൽ നടക്കുന്ന സമയമായതിനാൽ വിവാഹം കഴിഞ്ഞ് യാത്രകൾ ഒന്നും പോകാൻ കഴിഞ്ഞില്ല. ടൂർണമെന്റ് കഴിഞ്ഞ് അധികം വൈകാതെ കോവിഡ് രണ്ടാംതരംഗം വന്നു. ലോക്ക്ഡൗണുമായി. ഇപ്പോൾ വീട്ടിൽ തന്നെയാണ്. രാവിലെയും വൈകിട്ടും വീടിനുള്ളിൽ വ്യായാമം ചെയ്യുന്നുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ വേണ്ട അത്യാവശ്യം ഉപകരണങ്ങൾ വീട്ടിലുണ്ട്. അത് ഉപയോഗിച്ച് വ്യായാമം സ്ഥിരം ചെയ്യുന്നുണ്ട്. പാചകത്തിൽ അത്യാവശ്യം സഹായിക്കലാണ് മറ്റൊരു വിനോദം.
ആദ്യ ലോക്ഡൗൺ നഷ്ടങ്ങളുടെ കാലമായിരുന്നു. കലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടി കളിക്കുന്നത് കണ്ടിട്ട് കോച്ച് ബിനോ ജോർജ് സാർ ഗോകുലത്തിലേക്ക് വിളിക്കുകയായിരുന്നു. ഒരു കെപിഎല്ലും രണ്ട് ഐ ലീഗും അടക്കം മൂന്ന് സീസണത്തിൽ ഗോകുലത്തിനായി കളിച്ചു. ഐ ലീഗിലെ പ്രകടനം കണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ടീമിലേക്ക് ക്ഷണിച്ചത്. ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസൺ പൂർണമായും പരിക്കിന്റെ പിടിയിലായി. രണ്ടാം സീസൺ തുടക്കുമ്പോഴേക്കും പരിക്ക് ഭേദമായെങ്കിലും ആറ് മാസം കൂടി വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചു. ഇതിനിടെ ലോക്ക്ഡൗണുംവന്നു. ബ്ലാസ്റ്റേഴ്സ് പോലെ നിരവധി താരങ്ങളുള്ള ഒരു ടീമിന് ആറ് മാസം വീണ്ടും കാത്തിരിക്കേണ്ട കാര്യമില്ലാല്ലോ. അത് കൊണ്ട് കരാർ അവസാനിപ്പിച്ചു. വിശ്രമവുമായി കഴിയുമ്പോഴാണ് കേരള യൂണൈറ്റഡ് എഫ്സി എന്ന പുതിയ ടീം വരുന്നത്. അവരുടെ ക്യാപ്റ്റനായി നിയോഗിച്ചു. എന്റെ നാടായ തൃക്കലങ്ങോട്ട് നിന്ന് മൂന്ന് കിലോമീറ്റർ മാത്രമാണ് എടവണ്ണ ഗ്രൗണ്ടിലേക്കുള്ളത്. അത് ഏറേ സൗകര്യമായി.
ക്യാമ്പിലും ഹോസ്റ്റലിലും കഴിയേണ്ടി വന്നില്ല. രാവിലെയും വൈകിട്ടും വീട്ടിൽ നിന്ന് പോയി പരിശീലനം. ഞങ്ങളുടെ ആദ്യ സീസണായിരുന്നു. മോശമല്ലാത്ത പ്രകടനം നടത്തി. അടുത്ത സീസണിലേക്കുള്ള കരാറിന്റെ കാര്യമൊന്നും തീരുമാനമായിട്ടില്ല. എന്നാലും അടുത്ത സീസണിൽ തകർപ്പൻ പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്തായാലും അടുത്ത സീസണിലും മൈതാനത്ത് ഉണ്ടാകും, ഉറപ്പ്.