തിരുവനന്തപുരം
നാം ഓരോരുത്തരും നമ്മോട് തന്നെ പറയേണ്ട ഒരു മുദ്രാവാക്യം ബാക്കിയാക്കിയാണ് സുന്ദർലാൽ ബഹുഗുണ ഭൂമിയോട് വിടപറഞ്ഞത്. ആ മുദ്രാവാക്യം നമ്മൾ നെഞ്ചേറ്റേണ്ടതിന്റെ പ്രാധാന്യം ആഗോള താപനത്തിലൂടെ, കാലാവസ്ഥാ വ്യതിയാനത്തിലൂടെ പ്രകൃതി നമ്മോട് പറയുന്നുണ്ട്.- പരിസ്ഥിതിയാണ് നമ്മുടെ സമ്പത്ത്.
ചിപ്കോ പ്രസ്ഥാനത്തിന്റെ അമരക്കാരൻ സുന്ദർലാൽ ബഹുഗുണ ഇനി നമ്മുടെ സ്മരണകളിലാണ് ജീവിക്കുക. ഇന്ത്യയിലെ പരിസ്ഥിതി സരക്ഷണ സമര പ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ഒന്നാണ് ചിപ്കോ. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണിത്. ചിപ്കോ എന്ന വാക്കിന്റെ അർഥം ‘ചേർന്നുനിൽക്കൂ’, ‘ഒട്ടിനിൽക്കൂ’ എന്നൊക്കെയാണ്.
1973 മാർച്ച് 26-ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തർപ്രദേശിന്റെ ഭാഗമായിരുന്ന) ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്. ചിപ്കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന് പൊതുവായി നൽകിയ സംഭാവനകളിലൊന്ന് ‘ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്’ എന്ന മുദ്രാവാക്യമാണ്. ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട് എന്നിവർ ആയിരുന്നു. കർണാടകത്തിലെ അപ്പികോ പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. 1987-ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരവും ലഭിച്ചു.