തിരുവനന്തപുരം
ചരിത്രത്തിലിടം നേടിയ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യദിനമായിരുന്നു വെള്ളിയാഴ്ച. മുഖ്യമന്ത്രിയും മിക്ക മന്ത്രിമാരും ഓഫീസ് ചർച്ചകളിൽ സജീവമായിരുന്നു ആദ്യദിനം.
● മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.30ന് ഓഫീസിലെത്തി ചുമതലയേറ്റ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച. തുടർന്ന് കോവിഡ് അവലോകന യോഗം; വൈകിട്ട് പതിവ് വാർത്താ സമ്മേളനം.എ കെ ജി സെന്ററിൽനടന്ന സിപിഐ എം സെക്രട്ടറിയറ്റ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.
● ധനമന്ത്രി കെ എൻ ബാലഗോപാൽ വകുപ്പുതല അവലോകന യോഗത്തിൽ സംസാരിച്ചു. ധന അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും പങ്കെടുത്തു. യോഗത്തിൽ അടിയന്തര മുൻഗണനകളും ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ പങ്കെടുത്തശേഷമാണ് സെക്രട്ടറിയറ്റിൽ എത്തിയത്. ശനിയാഴ്ചയും ഓഫീസിലുണ്ടാകും.
● തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ ആദ്യദിനത്തിൽ ഓൺലൈനിൽ ലഭിച്ച നിവേദനങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്തുന്ന തിരക്കിലായിരുന്നു. തുടർന്ന് തദ്ദേശ, എക്സൈസ് വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലും മന്ത്രി പങ്കെടുത്തു.
● രാവിലെ എട്ടരയ്ക്ക് തന്നെ ഓഫീസിലെത്തിയ വ്യവസായ മന്ത്രി പി രാജീവ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഓഫീസിൽ തിരിച്ചെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഉച്ചയ്ക്ക് ദേശാഭിമാനിയിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് വീണ്ടും ഓഫീസിലെത്തി; രാത്രി വൈകുവോളം തുടർന്നു.
● ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വെള്ളിയാഴ്ച ഉച്ചവരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലായിരുന്നു. തുടർന്ന് ഓഫീസിലെത്തി. വകുപ്പ് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങളിൽ പങ്കെടുത്തു. ജീവനക്കാരുമായും ചർച്ച നടത്തി. ഇതിനിടയിൽ രണ്ട് ചാനലുകൾക്ക് അഭിമുഖവും നൽകി.
● കോവിഡ് കണക്കുകൾ കുറച്ചുകൊണ്ടുവരികയും വാക്സിൻ എല്ലാവരിലേക്കും എത്തിക്കുകയുമെന്ന മുമ്പുതന്നെയുള്ള ലക്ഷ്യം മുന്നിൽകണ്ടാകും പ്രവർത്തനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ യോഗങ്ങളും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളുമായി ഏറെ തിരക്കായിരുന്നു മന്ത്രിക്ക്. വലിയ ഉത്തരവാദിത്തമായതിനാൽ ശരിയായ പഠനം ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു.
● സഹകരണ മന്ത്രി വി എൻ വാസവൻ രാവിലെ തന്നെ ഓഫീസിലെത്തി. ടാക്സസ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹ, രജിസ്ട്രേഷൻ ഐജി ഇളമ്പേശൻ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് സഹകരണ വകുപ്പ് അഡീണൽ സെക്രട്ടറിയുമായി ഹ്രസ്വചർച്ച. ഉച്ചയോടെ എ കെ ജി സെന്ററിലേക്കും തുടർന്ന് കോട്ടയത്തേക്കും തിരിച്ചു.
● ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാനും രാവിലെ ഓഫീസിലെത്തി വകുപ്പു മേധാവികളുമായി ചർച്ച നടത്തി. ടിങ്കു ബിസ്വാൾ, റാണി ജോർജ് എന്നിവർ പങ്കെടുത്തു. കടലാക്രമണത്തെതുടർന്നുള്ള സ്ഥിതിഗതികളും ആശ്വാസ നടപടികളും ട്രോളിങ് നിരോധന കാര്യങ്ങളും ചർച്ചയായി.
● ജൂൺ ഒന്നിന് സ്കൂൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും പുതിയ ഡിജിറ്റൽ പഠനം സാധ്യമാക്കാനുള്ള ചർച്ചയിലായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനാ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. രാവിലെ ഭക്ഷ്യക്കിറ്റും പിപിഇകിറ്റും വിതരണം ചെയ്തു. തുടർന്ന് നേമം പൂങ്കുളം വാർഡിൽ വാഴമുട്ടം പാറവിളയിൽ കുറ്റൻ പാറ അടർന്നുവീണ് തകർന്ന പാറവിളയിൽ അശോകന്റെ വീട് സന്ദർശിച്ചു. തുടർന്ന് കെഎസ്ടിഎയുടെ ആസ്ഥാനത്തെത്തി. വൈകിട്ട് ദേശാഭിമാനിയും സന്ദർശിച്ചു.
● കാലവർഷം ആരംഭിക്കുന്നതിനുമുമ്പ് തന്നെ മുഴുവൻ റോഡുകളുടെയും ആവശ്യമായ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ചീഫ് എൻജിനിയർ മുതൽ എക്സിക്യൂട്ടീവ് എൻജിനിയർമാർ വരെയുള്ള 70 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
● തൃശൂരിലായിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ ബിന്ദു നേതാക്കളെയും സഹപ്രവർത്തകരെയും സന്ദർശിച്ചു. അന്തരിച്ച കെ മാമക്കുട്ടി, പി ആർ രാജൻ, ഇരിങ്ങാലക്കുടയിലെ അന്തരിച്ച പി ആർ ബാലൻ മാസ്റ്റർ എന്നിവരുടെ വീട്ടിലും പോയി. തുടർന്ന് മുതിർന്ന നേതാവ് ദിവാകരൻ, മുൻ എംപി ഇന്നസെന്റ് എന്നിവരെയും സന്ദശിച്ചു. തൃശൂർ ദേശാഭിമാനിയും സന്ദർശിച്ചു.
● രാവിലെ ഒമ്പതരയ്ക്ക് തന്നെ ഓഫീസിലെത്തിയ കായികമന്ത്രി വി അബ്ദുറഹ്മാൻ കായിക ഡയറക്ടർ ജെറൊമിക് ജോർജ്, ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് റെയിൽവേയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലുമായും ചർച്ച നടത്തി. വൈകിട്ട് അദ്ദേഹം കാറിൽ തിരൂരിലെ വീട്ടിലേക്ക് പോയി.
● ആദ്യദിനം പൂർണമായും ഓഫീസിലാണ് റവന്യൂ മന്ത്രി കെ രാജൻ ചെലവഴിച്ചത്. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം രാത്രി 11 വരെ ഓഫീസിലുണ്ടായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം കലക്ടർ നവജോത് ഖോസയുമായും ചർച്ച നടത്തി. തിങ്കളാഴ്ച ജില്ലാ കലക്ടർമാരുടെ ഓൺലൈൻ യോഗം വിളിക്കും. ഉച്ചയ്ക്ക് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹം രാത്രി വൈകുവോളം ഓഫീസിൽ തുടർന്നു.
● അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് തുടർന്നും ഭക്ഷ്യക്കിറ്റ് നൽകാൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർദേശിച്ചു. മന്ത്രിയുടെ റേഷൻ കാർഡ് ഇ റേഷൻകാർഡാക്കി മാറ്റി നൽകിയാണ് ആദ്യദിനം മന്ത്രിയെ ഉദ്യോഗസ്ഥർ ഓഫീസിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. വെളിയം ഭാർഗവൻ, എൻ ഇ ബാലറാം എന്നിവരുടെ വീട് സന്ദർശിച്ചശേഷമാണ് മന്ത്രി ഓഫീസിലേക്കെത്തിയത്.
● പൂർണമായും ഓഫീസിൽ തന്നെയായിരുന്നു കൃഷി മന്ത്രി പി പ്രസാദ്. കാർഷിക സെക്രട്ടറി, കാർഷികോൽപ്പാദന കമീഷണർ, കൃഷി ഡയറക്ടർ എന്നിവരുമായി ചർച്ച നടത്തി. ഓണത്തിന് മുന്നോടിയായുള്ള പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്നതിനുള്ള നിർദേശവും മന്ത്രി നൽകി.
● പാൽ സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരയോഗം വിളിച്ച് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ സെക്രട്ടറി, മിൽമ എംഡി, ക്ഷീരവികസന ഡയറക്ടർ എന്നിവരുമായും ചർച്ച നടത്തി. അധികപാൽ അങ്കണവാടികൾ, കോവിഡ് കേന്ദ്രങ്ങൾ, ആദിവാസി കോളനികൾ എന്നിവയ്ക്ക് നൽകാൻ പദ്ധതിയും തയ്യാറാക്കി. തിങ്കളാഴ്ചയോടെ എല്ലാ പാലും സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.
● വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നും പാലായിലെ കെ എം മാണിയുടെ കബറിടത്തിലെത്തി, ജലമന്ത്രി റോഷി അഗസ്റ്റിൻ പ്രാർഥിച്ചു. തുടർന്ന് മാണിയുടെ വീട്ടിലെത്തി പാർടി ചെയർമാൻ ജോസ് കെ മാണിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. പകൽ രണ്ടരയോടെ ചക്കാമ്പുഴയിലെ കുടുംബവീട്ടിലെത്തി. തുടർന്ന് ഭരണങ്ങാനം എടപ്പാടിയിലെ ഭാര്യവീട്ടിലെത്തി. 5.30 ഓടെ കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി പാർടി മീറ്റിങ്ങും കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങി.
● വനംമന്ത്രി എ കെ ശശീന്ദ്രൻ രാവിലെ ഓഫീസിലെത്തി. വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായും ചർച്ച നടത്തി. ശനിയാഴ്ച വഴുതക്കാടുള്ള വനംവകുപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ച നടക്കും.
● വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആദ്യ ദിവസം തന്നെ ജന്മനാടായ ചിറ്റൂരിൽ എത്തി. രാവിലെ എംഎൽഎ ഓഫീസിലെത്തി. തുടർന്ന് ചിറ്റൂർ ടൗണിൽ സിപിഐ എം ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു. പിന്നീട് കൊഴിഞ്ഞാമ്പാറയിലേക്ക് പോയി. അവിടെ പഴയ ആശുപത്രി കെട്ടിടം നന്നാക്കി 100 കിടക്കയുള്ള താൽക്കാലിക സംവിധാനമൊരുക്കി. അതിനുശേഷം പെരുമാട്ടി പഞ്ചായത്തിൽ 600 കിടക്കയുള്ള ആശുപത്രി സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി.
● ആദ്യദിനവും ഏറെ തിരക്കായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്. വള്ളക്കടവ് യത്തീംഖാനയിലെ കുഞ്ഞുങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പൂന്തുറ, ബീമാപള്ളി, വലിയതുറ, കണ്ണാന്തുറ, വെട്ടുകാട് മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. വൈകിട്ട് നാലര മുതൽ കെഎസ്ആർടിസി ചീഫ് ഓഫീസിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വലിയതുറയിൽ രാത്രി എട്ടിന് നടന്ന യോഗത്തിലും മന്ത്രി പങ്കെടുത്തു. സിപിഐ എം നൽകിയ ഓൺലൈൻ സ്വീകരണ സമ്മേളനത്തിലും മന്ത്രി പങ്കെടുത്തു.● ആലുവ അതിഥി മന്ദിരത്തിൽ കേരള മാരിടൈം ബോർഡ് അംഗങ്ങളുമായുള്ള ചർച്ചയിലായിരുന്നു ആദ്യദിനം തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ. ഉച്ചയ്ക്കുശേഷം കോഴിക്കോട്ടേക്ക് തിരിച്ചു. അടുത്ത ദിവസങ്ങളിൽ കോഴിക്കോട്ടുണ്ടാകും. ഞായറാഴ്ച തലസ്ഥാനത്തേക്ക് എത്തും.















