തിരുവനന്തപുരം
കാലവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഴുവൻ റോഡുകൾക്കും ആവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴക്കാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുൻവർഷങ്ങളിൽ മഴയിൽ തകർന്ന റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളും വേണം. ഇത്തരത്തിലുള്ള റോഡുകളുടെ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചീഫ് എൻജിനിയർ മുതൽ എക്സിക്യൂട്ടീവ് എൻജിനിയർമാർ വരെയുള്ള 70 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
● തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ തകർന്ന റോഡ് പുനർനിർമിക്കാൻ അടിയന്തരനടപടി
● ആലപ്പുഴ കൃഷ്ണപുരം–-ഹരിപ്പാട് ദേശീയപാത–-66ലെ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടും.
● പാലക്കാട്–- മണ്ണാർക്കാട് ദേശീയപാതയുടെ വികസനപ്രവർത്തനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ത്വരിതപ്പെടുത്തി പ്രവൃത്തി പൂർത്തീകരിക്കൽ .















