ന്യൂഡൽഹി
കുട്ടിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ കണ്ണിയായ സുന്ദർലാൽ ബഹുഗുണ ഗാന്ധിജിയിൽനിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ഹിമാലയൻ വനങ്ങളിലും കുന്നുകളിലും 5,000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. 1970കളുടെ തുടക്കത്തിൽ ചമോലിയിൽ ഗ്രാമീണർ ആരംഭിച്ച ചിപ്കോ പ്രസ്ഥാനത്തെ രാജ്യത്തെ വനസംരക്ഷണ പ്രവർത്തനങ്ങളുടെ മുഖമുദ്രയാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
‘‘ചേർന്നുനിൽക്കുക’’ എന്നതാണ് ചിപ്കോ എന്ന ഹിന്ദി പദത്തിന്റെ അർഥം. വനങ്ങളിലെ മരംവെട്ട് തടയാൻ ഗ്രാമീണർ കൈകോർത്ത് മരങ്ങളിൽ ചേർന്നുനിൽക്കുന്നതായിരുന്നു സമരരീതി. ഇതു ശക്തമായി തുടർന്നതോടെ വനങ്ങളിലെ മരങ്ങൾ മുറിക്കുന്നത് സർക്കാർ 15 വർഷത്തേക്ക് നിരോധിച്ചു.
ഉത്തരാഖണ്ഡിലെ ഭാഗീരഥി നദിയിൽ തെഹ്രി അണ കെട്ടുന്നതിനെതിരായ പ്രക്ഷോഭവും ലോകശ്രദ്ധനേടി. പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാതം പുനഃപരിശോധിക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറപ്പ് നൽകിയതിനെ തുടർന്നാണ് 45 ദിവസം നീണ്ട നിരാഹാരസത്യഗ്രഹം 1995ൽ ബഹുഗുണ അവസാനിപ്പിച്ചത്. അണക്കെട്ട് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയെങ്കിലും അദ്ദേഹം പൊരുതിനിന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഒട്ടേറെ പുസ്തകങ്ങൾ എഴുതി.















