ചണ്ഡീഗഢ്
വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്ന(ലിവ് ഇൻ) ബന്ധങ്ങൾ കുറ്റകരമല്ലെന്നും അവയ്ക്ക് സമൂഹത്തിൽ സ്വീകാര്യത വർധിക്കുകയാണെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് ജിൻഡ് സ്വദേശികളായ കമിതാക്കൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സുധീർ മിത്തലിന്റെ നിരീക്ഷണം. ലിവ് ഇൻ ബന്ധങ്ങൾക്ക് സാമൂഹ്യ, ധാർമിക അംഗീകാരമില്ലെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഇന്ത്യൻ ഭരണഘടനയാണ് പരമോന്നത നിയമമെന്നും പ്രായപൂർത്തിയായവർക്ക് ഇഷ്ടപ്രകാരം പങ്കാളിയെ തെരഞ്ഞെടുക്കാൻ അനുവാദമുണ്ടെന്നും ജസ്റ്റിസ് സുധീർ മിത്തൽ വ്യക്തമാക്കി. വിവാഹത്തിലൂടെ ഈ ബന്ധം ഔപചാരികമാക്കാനോ അനൗപചാരികമായി തുടരാനോ അവകാശമുണ്ട്.
പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് നമ്മുടെ രാജ്യത്തേക്ക് കടന്നുവന്ന ആശയം ഗ്രാമങ്ങളിലേക്കുവരെ വ്യാപിച്ചെന്നാണ് ഈ ഹർജി വ്യക്തമാക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കി.















