ആദ്യദിനം 150 പേർക്കാണ് ഈ പന്തലിൽ വെച്ച് വാക്സിനേഷൻ നല്‍കുക. നാളെ 200 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. സ്റ്റാഫിന്‍റെ ലഭ്യത ഉറപ്പാക്കുന്നതിനനുസരിച്ച് കൂടുതല്‍ ആളുകള്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്തു.
രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കായി 5000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 80,000 ചതുരശ്രയടി വിസ്താരമുള്ള പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്. ഇവിടെ സാമൂഹികാകലം പാലിച്ചുകൊണ്ട് കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. അത്, നിലവിൽ വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തിലെ തിരക്ക് ഒഴിവാക്കാനും സഹായകമാകും.
സത്യപ്രതിജ്ഞയ്ക്കായി കൂറ്റൽ പന്തൽ ഒരുക്കുന്നതിനെതിരെ വിമർശനം ഉയർന്നപ്പോൾ തന്നെ ഇത് വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റണമെന്ന നിർദേശവും ഉയർന്നിരുന്നു. സത്യപ്രതിജ്ഞയ്ക്കായി തയ്യറാക്കുന്ന പന്തൽ പൊളിക്കരുതെന്നും വാക്സിനേഷനായി ഉപയോഗിക്കണമെന്നും ഡോ. എസ് എസ് ലാൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
‘സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി’ എന്നായിരുന്നു എസ് എസ് ലാൽ പറഞ്ഞത്.